ദില്ലി: വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ 84 ദിവസമായി നടത്തിവന്ന സമരം വിജയം കണ്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 2014 ജൂലൈ ഒന്നു മുതല്‍ പദ്ധതിക്ക് മുന്‍കാല പ്രാബല്യം നല്‍കും. 2013നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാകും പദ്ധതി നടപ്പാക്കുക. ഓരോ അഞ്ച് വര്‍ഷവും പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കും. എന്നാല്‍, സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് മന്ത്രി അറിയിച്ചു. എല്ലാ സൈനികരുടെയും വിധവകള്‍ക്കും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്കും പെന്‍ഷന്‍ നല്‍കും. നല്‍കാനുള്ള പെന്‍ഷന്‍ കുടിശ്ശിക എല്ലാം ഒറ്റത്തവണയായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. 8,000 മുതല്‍ 10,000 കോടി രൂപ വരെ സര്‍ക്കാരിന് അധികബാധ്യത ഉണ്ടാവും. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവച്ചത് 500 കോടി രൂപ മാത്രമായിരുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി. 84 ദിവസം നീണ്ട സമരത്തിനൊടുവിലാണ് സൈനികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അംഗീകരിക്കുന്നതായി സമരക്കാര്‍ അറിയിച്ചു.
സമരക്കാരുടെ വക്താവായ മേജര്‍ ജനറല്‍ സത്ബീര്‍ സിംഗ്. സത്ബീര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു സംഘം സമരക്കാര്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീഖറിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തതായി സത്ബീര്‍ സിംഗ് അറിയിച്ചു. സമരത്തിന്റെ അടിസ്ഥാന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു. വിരമിച്ച സൈനികരുമായി ചര്‍ച്ച നടത്തിയശേഷം മനോഹര്‍ പരീഖര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post