ഇസ്ലാമാബാദ്: റിലീസ് ചെയ്ത് അധികം താമസിയാതെ വ്യാജപതിപ്പ് ഇറങ്ങുന്നതാണ് ഏതൊരു സിനിമയുടെയും വെല്ലുവിളി. എന്നാല്‍, സെയ്ഫ് അലി ഖാന്റെ ഫാന്റത്തിന് വ്യാജപതിപ്പ് ഗുണം ചെയ്‌തെന്നു വേണം കരുതാന്‍. പാക് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ച സെയ്ഫ് അലി ഖാന്റെ ഫാന്റത്തിന്റെ വ്യാജന് പാകിസ്താനില്‍ ആവശ്യക്കാര്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധിച്ചതോടെ ഫാന്റം കാണാന്‍ വഴിയില്ലാതായ പാകിസ്താനിലെ പ്രേക്ഷകരാണ് വ്യാജന്‍ അന്വേഷിച്ച് നടക്കുന്നത്. ഇന്ത്യയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഫാന്റത്തിന് പാകിസ്താനിലും നിരവധി പ്രേക്ഷകര്‍ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ വ്യാജ പതിപ്പ് പോലും പാകിസ്താനില്‍ ഇപ്പോള്‍ കിട്ടാനില്ല. എന്നിട്ടും നിരവധി ആളുകള്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് അന്വേഷിക്കുന്നുണ്ട്. നല്ല പ്രിന്റുകള്‍ ലഭ്യമാക്കാന്‍ വ്യാജന്‍ ഇറക്കുന്നവര്‍ക്ക് മേല്‍ സമ്മര്‍ദ്ദവുമുണ്ട്. ചിത്രം പാകിസ്താനില്‍ നിരോധിച്ചപ്പോള്‍ ധാരാളം ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, നല്ല ഉള്ളടക്കമുള്ള സിനിമകളെ ജനങ്ങള്‍ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വ്യാജന് ആവശ്യക്കാര്‍ കൂടുന്നതിന് പിന്നിലെന്ന് വ്യാജപതിപ്പ് ഇറക്കുന്നവര്‍ തന്നെ വ്യക്തമാക്കുന്നു.
മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ പ്രചാരം സിദ്ധിച്ചിരുന്ന ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഇതുതന്നെയാണ് പാകിസ്താനിലെ ആളുകളെയും ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നത്. വ്യാജന്‍ ഏതൊരു സിനിമയെയും തകര്‍ക്കുകയെ ഉള്ളു. എന്നാല്‍, ചിലപ്പോള്‍ ഇത് ഉപകാര പ്രദമായും വരുന്നു. അതാണ് പാകിസ്താനിലെ ഈ സംഭവം തെളിയിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സാജിദ് നദിയാവാല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here