വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പേരുമാറ്റി കടന്നുവന്ന താരങ്ങള്‍; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും

മമ്മൂട്ടി, പ്രേംനസീര്‍, ദിലീപ്, ഷീല, ഭാവന തുടങ്ങി വെള്ളിത്തിര അടക്കി ഭരിച്ചവരും ഭരിക്കുന്നവരുമെല്ലാം നമുക്ക് പരിചിതര്‍ അവരുടെ ഈ പേരുകളിലാണ്. എന്നാല്‍, ഇതുതന്നെയാണോ അവരുടെ പേരുകള്‍. അല്ല. എങ്കില്‍ പിന്നെ ഇവര്‍ക്കെങ്ങനെ ഈ പേരുകള്‍ കിട്ടി? ഇവരുടെയൊക്കെ യഥാര്‍ത്ഥ പേരെന്ത്? ഇവയുടെ പിന്നിലെ ചരിത്രം അറിയാം.

മമ്മൂട്ടി

മലയാളത്തിന്റെ നിത്യഹരിത നായകന്‍. എന്നാല്‍, സിനിമയില്‍ എത്തുന്നതിന് മുമ്പും മമ്മൂട്ടി മമ്മൂട്ടി ആയിരുന്നു. മുഹമ്മദ്കുട്ടി ഇസ്മായില്‍ പാണിപറമ്പില്‍ എന്ന മമ്മൂട്ടിയുടെ ഇരട്ടപ്പേരായിരുന്നു മമ്മൂട്ടി. അടുപ്പക്കാരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം മമ്മൂട്ടി എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയാണ് മുഹമ്മദ് കുട്ടി എന്ന വലിയ പേരിന് പകരം സിനിമയില്‍ എത്തിയപ്പോള്‍ മമ്മൂട്ടി എന്ന രണ്ടാംപേര് വെള്ളിത്തിരയിലെ പേരായി അദ്ദേഹം സ്വീകരിച്ചത്.

പ്രേംനസീര്‍


മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഏകതാരം പ്രേംനസീറാണ്. അബ്ദുല്‍ ഖാദര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. രണ്ടാമത്തെ സിനിമയായ വിശപ്പിന്റെ വിളിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പ്രേംനസീര്‍ എന്ന പേര് സിനിമയിലേക്കായി സ്വീകരിച്ചത്. സിനിമയിലെ എല്ലാവരുടെയും മുത്തശ്ശനായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുല്‍ ഖാദര്‍ എന്ന പേരിന് പകരം പ്രേംനസീര്‍ എന്ന പേര് നിര്‍ദേശിച്ചത്. ഇതിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ വഹാബും പേരുമാറ്റി പ്രേംനവാസ് എന്ന പേര് സ്വീകരിച്ചു. മലയാള സിനിമയിലെ ട്രെന്‍ഡ്‌സെറ്ററും നിത്യഹരിത പ്രണയനായകനുമാണ് പ്രേംനസീര്‍.

ദിലീപ്


മലയാളത്തിന്റെ ജനപ്രിയനായകനാണ് ദിലീപ്. കൊമേഡിയനും മിമിക്രി ആര്‍ടിസ്റ്റുമായി കരിയര്‍ ആരംഭിച്ച ദിലീപിന്റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. സിനിമയില്‍ സജീവമായതിനു ശേഷമാണ് ഗോപാലകൃഷ്ണന്‍ എന്ന പേരുമാറ്റി ദിലീപ് എന്ന പേരു സ്വീകരിച്ചത്. കലാഭവന്‍ ട്രൂപ്പിന്റെ ഭാഗമായിരുന്ന ദിലീപ് മിമിക്രിയിലൂടെയാണ് സിനിമയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി മലയാളത്തില്‍ സജീവ സാന്നിധ്യമാണ് ദിലീപ്.

ഷീല

SHEELA
മലയാളത്തിന്റെ ഡ്രീംഗേള്‍ എന്നാണ് ഷീല അറിയപ്പെടുന്നത്. പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച് ഏറ്റവും മികച്ച പ്രണയജോഡിയെന്ന റെക്കോര്‍ഡ് നേടിയ നടി. സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ഷീലയുടെ ജനനം. യഥാര്‍ത്ഥ പേര് ക്ലാര. സിനിമയെന്ന മോഹം തലയ്ക്ക് പിടിച്ചപ്പോള്‍ ക്ലാര തന്നെ പേര് ഷീല എന്നാക്കുകയായിരുന്നു. ക്ലാര എന്ന പേര് ഒരു നടിക്ക് ചേര്‍ന്നതല്ലെന്ന തോന്നലാണ് പേരുമാറ്റത്തിന് പിന്നിലുണ്ടായിരുന്നത്. ആയിരത്തില്‍ അധികം ചിത്രങ്ങളില്‍ ഷീല അഭിനയിച്ചിട്ടുണ്ട്.

ശാരദ


നടനവൈഭവം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ശാരദ. സരസ്വതി ദേവിയാണ് പിന്നീട് ശാരദ എന്ന പേരില്‍ മലയാളികളുടെ ഇഷ്ട നടിയായത്. ആന്ധ്രപ്രദേശുകാരിയാണെങ്കിലും മലയാളികളുടെ ഇടയില്‍ തന്റേതായ ഇടം സൃഷ്ടിക്കാന്‍ തന്റെ നടനവൈഭവത്തിലൂടെ ശാരദയ്ക്ക് സാധിച്ചിട്ടുണ്ട്. നിര്‍മാതാവിന്റെ നിര്‍ബന്ധ പ്രകാരമാണ് സരസ്വതി ദേവി എന്ന പേര് ശാരദ എന്നാക്കിയത്. അഞ്ച് ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിനിടയില്‍ മൂന്നു തവണ ദേശീയ പുരസ്‌കാരവും ശാരദയെ തേടിയെത്തി. ഇതില്‍ രണ്ടെണ്ണം മലയാള ചിത്രത്തിനായിരുന്നു.

ഭാവന


യഥാര്‍ത്ഥ പേരായ കാര്‍ത്തികയില്‍ നിന്ന് ഭാവന എന്ന പേര് ഭാവന സ്വയം സ്വീകരിക്കുകയായിരുന്നു. കാര്‍ത്തിക എന്ന പേരില്‍ വേറെയും നടിമാര്‍ ഉള്ളതാണ് ഭാവന എന്ന പേരു സ്വീകരിക്കാന്‍ കാരണം. 16-ാം വയസ്സില്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ സിനിമയിലെ അരങ്ങേറ്റം. മലയാളത്തിലെ എല്ലാ മുന്‍നിര നടന്‍മാരുടെയും കൂടെ ഭാവന അഭിനയിച്ചു. ഒപ്പം തമിഴിലെ ചില സൂപ്പര്‍ സ്റ്റാറുകളുടെ നായികയായും ഭാവന അഭിനയിച്ചിട്ടുണ്ട്. അരങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ഭാവനയെ തേടിയെത്തി.

നവ്യ നായര്‍


നര്‍ത്തകിയായ സുന്ദരി നവ്യ നായരുടെ പേരുമാറ്റത്തിന് പിന്നില്‍ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു. ധന്യ വീണ എന്നായിരുന്നു നവ്യയുടെ യഥാര്‍ത്ഥ പേര്. ധന്യ എന്ന പേര് ഒരു സിനിമാ നടിക്ക് ചേര്‍ന്നതല്ലെന്ന് തോന്നിയ സിബി മലയില്‍ നവ്യ നായര്‍ എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. 2002-ല്‍ നന്ദനത്തിലെ അഭിനയത്തിനും 2005-ല്‍ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും നവ്യ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

നയന്‍താര


അരങ്ങേറ്റ ചിത്രമായ മനസ്സിനക്കരെയുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഡയാന മറിയം കുര്യനെ നയന്‍താര ആക്കിയത്. സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു നയന്‍താരയെന്ന ഡയാനയുടെ ജനനം. 2011-ല്‍ ഹിന്ദുമതത്തിലേക്ക് മാറുകയും ഔദ്യോഗികമായി തന്റെ പേര് നയന്‍താര എന്ന് മാറ്റുകയും ചെയ്തു. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക് സിനിമകളിലും നിറസാന്നിധ്യമാണ് നയന്‍താര.

പാര്‍വതി ജയറാം


80-കളിലും 90-കളിലും മലയാളികളുടെ ഇഷ്ടനടിയായിരുന്നു പാര്‍വതി. ചില സംവിധായകരുടെ നിര്‍ബന്ധ പ്രകാരം അശ്വതി കുറുപ്പ് എന്ന പേര് പാര്‍വതി എന്നാക്കുകയായിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വതി ജയറാമുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പത്തുവര്‍ഷം നീണ്ട കരിയറില്‍ കമലദളം, തലയണമന്ത്രം, അക്കരെ അക്കരെ അക്കരെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി നിരവധി ഹിറ്റുകള്‍ പാര്‍വതി മലയാളത്തിന് സമ്മാനിച്ചു.

രേവതി


നടിയും സംവിധായികയുമായ രേവതിയുടെ യഥാര്‍ത്ഥ പേര് ആശ കുട്ടി എന്നായിരുന്നു. അരങ്ങേറ്റ ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധായകനായ ഭാരതിരാജയാണ് രേവതി എന്ന പേര് നിര്‍ദേശിച്ചത്. ആശ എന്ന പേര് ദക്ഷിണേന്ത്യന്‍ നായികയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു ഭാരതിരാജയുടെ സങ്കല്‍പം.

ഉര്‍വശി


ഒരു കാലത്ത് മലയാളിയുടെ നായികാ സങ്കല്‍പമായിരുന്ന ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നായിരുന്നു. പാര്‍വതിയെ പോലെ ഒന്നിലധികം സംവിധായകര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഉര്‍വശി എന്ന പേര് സ്വീകരിച്ചത്. നടി എന്ന നിലയില്‍ ഉര്‍വശി എന്ന പേരാണ് ചേരുകയെന്നാണ് സംവിധായകര്‍ നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News