ദമാസ്‌കസ്: പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്‌ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന് കടലിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു ഇത്. അയ്‌ലന്റെ പിതാവ് അബ്ദുല്ല കുര്‍ദിയുടെ സഹോദരി ടിമ കുര്‍ദിയാണ് കുഞ്ഞ് അയ്‌ലന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചുള്ള ഹൃദയഭേദകമായ വാക്കുകളുമായി രംഗത്തെത്തിയത്.
സിറിയയിലെ യുദ്ധവും ദുരിതവും പിന്നിട്ട് കാനഡയില്‍ നല്ല നാളുകള്‍ സ്വപ്നംകണ്ടാണ് ഭാര്യയും മക്കളുമായി അബ്ദുല്ല ബോട്ടില്‍ കയറുന്നത്. എന്നാല്‍, ശക്തമായ തിരയില്‍ വെള്ളം കയറി ഇവരുടെ ചെറു ബോട്ട് മുങ്ങുകയായിരുന്നു. കനത്ത ഇരുട്ടിലും കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും കൈകളില്‍ അബ്ദുല്ല മുറുകെപ്പിടിച്ചെങ്കിലും മക്കളായ അയ്‌ലാനും ഗാലിബും പിടിത്തം വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. പിന്നാലെ ഭാര്യ റെഹാനും.
ഇവരെ മരണത്തില്‍ നിന്ന് ജീവനിലേക്ക് കൈപിടിക്കാനുള്ള അബ്ദുല്ലയുടെ ശ്രമങ്ങള്‍ക്കിടെ ‘പപ്പ, മരിക്കരുത്’ എന്നു മൊഴിഞ്ഞ് കുഞ്ഞ് അയ്‌ലാന്‍ മരണത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നുവെന്ന് ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ടിമ കുര്‍ദി വെളിപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here