ജമ്മു: ഉത്തരാഖണ്ഡുകാരനായ ലാന്‍സ് നായ്ക് മോഗന്‍ നാഥ് ഗോസ്വാമിയെന്ന പേര് രാജ്യ ചരിത്രം ധീരതയുടെ ലിപികളില്‍ എഴുതും. കശ്മീരില്‍ പതിനൊന്നുദിവസം നീണ്ടുനിന്ന വിവിധ ഏറ്റുമുട്ടലുകളില്‍ പത്തു ഭീകരരെ വകവരുത്താന്‍ പങ്കാളിയായി വീരമൃത്യു വരിച്ച മോഹന്‍ ഗോസ്വാമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാടായ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ സംസ്‌കരിച്ചു.
ഉത്തരാഖണ്ഡിലെ നൈനിത്താള്‍ സ്വദേശിയാണ് മോഹന്‍ ഗോസ്വാമി. 2002-ലാണ് അദ്ദേഹം സൈനിക സേവനത്തിലെത്തിയത്. ജമ്മു കശ്മീരില്‍ തന്റെ യൂണിറ്റ് ഏറ്റെടുക്കുന്ന എല്ലാ ഓപ്പറേഷനുകളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ജവാനായിരുന്നു ഗോസ്വാമി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 23 നായിരുന്നു ഗോസ്വാമിയുള്‍പ്പെട്ട യൂണിറ്റ് കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായി ഏറ്റുമുട്ടലാരംഭിച്ചത്. ഈ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെയാണ് വകവരുത്തിയത്. തൊട്ടുപിന്നാലെ 26,27 തീയതികളിലായി റഫിയാബാദില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇവിടെയും മൂന്നു ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ കുപ്‌വാരയിലെ ഹഫ്രുദയില്‍ വീണ്ടും ഏറ്റുമുട്ടല്‍. വനത്തില്‍ ഒളിച്ചിരുന്ന ഭീകരരുമായി ദിവസങ്ങള്‍ നീണ്ടു പോരാട്ടം. നാലു ഭീകരരെ വധിച്ച ശേഷമാണ് ഗോസ്വാമിക്കു വെടിയേറ്റത്. വ്യഴാഴ്ചയായിരുന്നു സംഭവം.
വീരമൃത്യു വരിച്ച ഗോസ്വാമിയുടെ മൃതദേഹം ഇന്നലെയാണ് ജന്മനാട്ടിലെത്തിച്ചത്. ഉത്തരാഖണ്ഡ് തൊഴില്‍മന്ത്രി ഹരീഷ് ചന്ദ്ര ദുര്‍ഗാപാലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഭാര്യയും ഏഴുവയസുള്ള മകളുമടങ്ങുന്ന മോഹന്‍ ഗോസ്വാമിയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ വീടിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്നു മാതാവിന് വാക്കുകൊടുത്താണ് ഒരു മാസം മുമ്പ് അവധി കഴിഞ്ഞു മോഹന്‍ ഗോസ്വാമി ക്യാമ്പിലേക്കു മടങ്ങിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post