ചിത്രങ്ങളിലൂടെ പുറത്തുവന്ന പ്രണയവിവാദത്തിന് അന്ത്യം; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ 44 കാരി അമൃത റായിയെ ജീവിതസഖിയാക്കി; ദിഗ് വിജയിന്റെ രണ്ടാം വിവാഹം

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ വീണ്ടും വിവാഹിതനായി. നാല്‍പത്തിനാലു വയസുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അമൃതറായിയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തേ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെയാണ് പ്രണയം വെളിപ്പെട്ടത്.

ഒരു മാസം മുമ്പ് ചെന്നൈയിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഇപ്പോള്‍ അമേരിക്കയിലാണ്. അമൃത രാജ്യസഭാ ടിവിയില്‍നിന്ന് ലീവെടുത്താണ് അമേരിക്കയിലേക്കു പോയത്. അമൃത ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിലൂടെ ഇരുവരും വിവാഹിതരായ വിവരം അറിയിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കടുത്ത സമ്മര്‍ദങ്ങളുടേതായിരുന്നെന്നും അക്കാലത്തു കൂടെ നിന്നവരോടു നന്ദി പറയുന്നെന്നും പോസ്റ്റില്‍ പറയുന്നു. സൈബര്‍ ക്രൈമിന്റെ ഇരയാണ് ഞാന്‍. എന്നെ പലരും മോശമായ കമന്റുകളും വാക്കുകളും ഉപയോഗിച്ചു അപഹാസ്യമാക്കി. ഇക്കാലമത്രയും ഞാന്‍ ഉദാത്തമായ നിശ്ബദതയിലായിരുന്നു. എന്റെ ജോലികളുമായി എന്നിലും ദിഗ് വിജയോടുള്ള സ്‌നേഹത്തിലും വിശ്വസിച്ചു മുന്നോട്ടു പോവുകയായിരുന്നു.

പലരും ഞങ്ങളുടെ പ്രായത്തെയാണ് ചൂണ്ടിക്കാട്ടിയത്. എനിക്കെന്റെ പ്രായമെത്രയാണെന്ന് അറിയാം. ഏതു പ്രായത്തില്‍ എന്തു ചെയ്യണമെന്നും എന്റെ യുക്തിയും വിവേകവും അനുസരിച്ചു തിരിച്ചറിയാനാകും. ആധുനികവും പുരോഗമനാത്മകവുമായ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടുകള്‍ എന്റെ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും നിര്‍ണയിക്കുന്നു. ഞാന്‍ പ്രണയത്തിനും സ്‌നേഹത്തിനും വേണ്ടിയാണ് ദിഗ് വിജയെ വിവാഹം ചെയ്തത്. ദിഗ് വിജയിന്റെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്കെഴുതിവയ്ക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും അമൃത പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് അമൃത റായിയുമായുള്ള പ്രണയം ദിഗ് വിജയ് സമ്മതിച്ചത്. അമൃത റായിയും മുമ്പു വിവാഹം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അവര്‍ ഇരുവരും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. ആഷാ സിംഗായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആദ്യഭാര്യ. 58 വയസുള്ളപ്പോള്‍ അവര്‍ കാന്‍സര്‍ ബാധിച്ചു രണ്ടു വര്‍ഷം മുമ്പു മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News