ഹൈക്കോടതി മന്ദിരത്തിന്റെ എട്ട് നിലകളില്‍ ഗുരുതര വിള്ളല്‍; രണ്ട് തൂണുകള്‍ പൊട്ടി; ട്രിച്ചി എന്‍ഐടിയുടെ പഠന റിപ്പോര്‍ട്ട് പീപ്പിളിന്

കൊച്ചിയിലെ ഹൈക്കോടതി മന്ദിരത്തിന് ഗുരുതര ബലക്ഷയം. കെട്ടിടത്തിന്റെ സി ബ്ലോക്കില്‍ വിള്ളല്‍ വീണതായി കണ്ടെത്തി. വിള്ളല്‍ എട്ട് നിലകളിലേക്കും വ്യാപിച്ചു. രണ്ട് തൂണുകളിലും പൊട്ടല്‍ ദൃശ്യമായി. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ട്രിച്ചി എന്‍ഐറ്റി യിലെ വിദഗ്ദ്ധര്‍ കെട്ടിടം പരിശോധിച്ചു. അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശം നല്‍കി. ട്രിച്ചി എന്‍ഐറ്റിയുടെ പഠനറിപ്പോര്‍ട്ട് പീപ്പിള്‍ ടിവി പുറത്തു വിട്ടു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന്റെ സി ബ്ലോക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ വിള്ളല്‍ 8 നിലകളിലേക്കും വ്യാപിച്ചു. മാത്രവുമല്ല തൂണുകളുടെ അടിഭാഗത്ത് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ പുറത്ത് വന്നു. ഈ കമ്പികള്‍ തുരുമ്പിച്ച് നശിച്ച് തുടങ്ങി. ബലക്ഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് വിദഗ്ദ്ധന്‍ കെട്ടിടം പരിശോധിച്ചു. സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രിച്ചി എന്‍ഐറ്റിയെ ചുമതലപ്പെടുത്തിയത്.

ട്രിച്ചി എന്‍ഐറ്റിയിലെ സിവില്‍ വിഭാഗം പ്രൊഫ. ഡോ. സി. നടരാജന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ട് ആണ് പീപ്പിള്‍ ടിവി പുറത്തുവിട്ടത്. കെട്ടിടത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ വിള്ളലുകളുള്ളതായി കണ്ടെത്തി. രണ്ട് തൂണുകളുടെ റൂഫ് സ്ലാബിന് താഴെയായി പൊട്ടലുണ്ടെന്ന നിര്‍ണായക വിവരവും പഠന റിപ്പോര്‍ട്ടിലുണ്ട്.

കെട്ടിടം തല്‍ക്കാലം സുരക്ഷിതമാണെങ്കിലും അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി മന്ദിരത്തിന് ബലക്ഷയം ഉണ്ടെന്ന വിവരം പുറം ലോകം അറിയാതിരിക്കാന്‍ അതീവ രഹസ്യമായിരുന്നു പഠനം. 1994ല്‍ തറക്കല്ലിട്ട് 2005ല്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് 85 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. 9 നിലകളിലായി 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കേരള ശൈലിയിലുള്ള ഹൈക്കോടതി മന്ദിരം രാജ്യത്തെ തന്നെ വലിയ കോടതി സമുച്ചയങ്ങളില്‍ ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News