പരുക്കുകള്‍ തുടര്‍ക്കഥ; ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ മുതിര്‍ന്ന ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് വാട്‌സണ്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വാട്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആഷസ് പരമ്പരയിലെ ആദ്യ മത്സരമാണ് അവസാനമായി വാട്‌സണ്‍ കളിച്ച ടെസ്റ്റ് മത്സരം. അതിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശേഷിച്ച മത്സരങ്ങളില്‍ നിന്ന് വാട്‌സണ്‍ പുറത്തായിരുന്നു. 34 കാരനായ വാട്‌സന്റെ പത്തുവര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. ഓസ്‌ട്രേലിയക്കായി 59 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വാട്‌സണ്‍ 3,731 റണ്‍സും 75 വിക്കറ്റുകളും നേടിയിട്ടുണ്ട്.

പെട്ടെന്നുണ്ടായ തീരുമാനമല്ല തന്റെ വിരമിക്കലെന്ന് വെബ്‌സൈറ്റിലെ കുറിപ്പില്‍ വാട്‌സണ്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് വിരമിക്കാനുള്ള സമയം. ടെസ്റ്റില്‍ നിന്ന് വിരമിച്ചാലും ഏകദിനത്തിലും ട്വന്റി-20യിലും തുടരുമെന്നും വാട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റിലും ഒമ്പത് ഏകദിന മത്സരങ്ങളിലും വാട്‌സണ്‍ ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്. ആഷസിലെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 30ഉം രണ്ടാം ഇന്നിംഗ്‌സില്‍ 19ഉം റണ്‍സായിരുന്നു വാട്‌സന്റെ സമ്പാദ്യം. വിക്കറ്റ് നേടാനും സാധിച്ചിരുന്നില്ല. ഇതോടെ അടുത്ത നാല് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News