മണിക്കൂറില്‍ 1,800 സെല്‍ഫികള്‍; ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് ലോകറെക്കോര്‍ഡിലേക്ക്

ഹൈദരാബാദ്: സെല്‍ഫി എടുത്ത് ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് റച്ചയെന്ന 24 കാരന്‍ നടന്നു കയറിയത് ലോകറെക്കോര്‍ഡിലേക്ക്. അമേരിക്കന്‍ റഗ്ബി താരം പാട്രിക് പീറ്റേഴ്‌സന്റെ റെക്കോര്‍ഡ് മറികടന്നാണ് ഭാനു പ്രകാശിന്റെ നേട്ടം. മണിക്കൂറില്‍ 1,800 സെല്‍ഫി ഫോട്ടോകള്‍ ക്ലിക്ക് ചെയ്താണ് ഭാനുവിന്റെ നേട്ടം. പാട്രികിന്റെ നേട്ടം മണിക്കൂറില്‍ 1,449 സെല്‍ഫികള്‍ മാത്രമായിരുന്നു. ഒരു സിറ്റി മാളിലാണ് ഭാനു പ്രകാശ് സെല്‍ഫി എടുത്തത്.

മൂന്ന് മിനിറ്റില്‍ 105 സെല്‍ഫി എടുത്ത് വിസ്മയിപ്പിച്ച ഡ്വെയ്ന്‍ ജോണ്‍സണാണ് ഭാനു പ്രകാശിന് സെല്‍ഫി എടുത്ത് റെക്കോര്‍ഡിടാന്‍ പ്രചോദനമായത്. ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ബസിലിരുന്നാണ് ചിലര്‍ ഡ്വെയ്ന്‍ ജോണ്‍സന്റെ റെക്കോര്‍ഡിനെ പറ്റി പറയുന്നത് കേട്ടത്. അങ്ങനെ പെണ്‍കുട്ടികളാണ് സെല്‍ഫി പ്രേമികള്‍ എന്ന പ്രചാരണത്തിനിടെ ഒരു പുരുഷനായ ഡ്വെയ്ന്‍ ജോണ്‍സണ്‍ സെല്‍ഫി എടുത്ത് റെക്കോര്‍ഡിട്ടതാണ് തനിക്ക് പ്രചോദനമായതെന്ന് ഭാനു പ്രകാശ് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് മിനിറ്റില്‍ 120 സെല്‍ഫി ക്ലിക്ക് ചെയ്ത് ജോണ്‍സണെ കീഴടക്കി.

പിന്നീടാണ് ഏറ്റവുമധികം സെല്‍ഫി ക്ലിക്ക് ചെയ്ത് റെക്കോര്‍ഡട്ടത് ആരാണെന്ന് പരിശോധിച്ചത്. നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരം പാട്രിക് പീറ്റേഴ്‌സന്റെ പേരിലാണ് റെക്കോര്‍ഡെന്ന് കണ്ടെത്തുകയും വൈകാതെ ആ റെക്കോര്‍ഡ് തിരുത്തുക എന്നതായി ഭാനു പ്രകാശിന്റെ ലക്ഷ്യം. ഇതിനായി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയിരുന്ന ഭാനു പ്രകാശ് ആ ജോലി രാജിവച്ചാണ് സെല്‍ഫി റെക്കോര്‍ഡിനായി പരിശീലനം നടത്തിയത്. റെക്കോര്‍ഡ് മറികടക്കാനുള്ള അപേക്ഷ ഗിന്നസ് ബുക്ക് അധികൃതര്‍ സ്വീകരിച്ച ശേഷമാണ് ജോലി രാജിവയ്ക്കാന്‍ ഭാനുപ്രകാശ് തീരുമാനിച്ചത്. 10 മുതല്‍ 6 വരെയുള്ള ജോലിസമയം തനിക്ക് പരിശീലനത്തിന് അനുവദിച്ചിരുന്നില്ലെന്ന് ഭാനുപ്രകാശ് പറയുന്നു.

വിവിധ ആംഗിളുകളില്‍ സെല്‍ഫി ക്ലിക്ക് ചെയ്യാനായി കയ്യിനെ ഭാനു പരിശീലിപ്പിച്ചു. പിന്നീട് ഒരു ട്രൈപോഡും ഒരു സെല്‍ഫി സ്റ്റിക്കും ഭാനു പ്രകാശ് സ്വന്തമാക്കി. അങ്ങനെ കൂടുതല്‍ ആംഗിളുകളില്‍ സെല്‍ഫി ക്ലിക്ക് ചെയ്തു. നിലവില്‍ 1,700 സെല്‍ഫികള്‍ മണിക്കൂറില്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ 1,800 എന്ന നേട്ടം കൈവരിക്കാനാകും എന്നു തന്നെയാണ് ഭാനുവിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here