ബാഴ്‌സലോണ: ലോകോത്തര ഫുട്‌ബോളറാണ് ലിയോണല്‍ മെസ്സി. എന്നാല്‍, മെസ്സിയുടെ വിജയരഹസ്യം എന്താണെന്നോ. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എതിരാളിയായി കണക്കാക്കുന്നതാണ് മെസ്സിയുടെ വിജയത്തിന്റെ രഹസ്യമെന്നാണ് മുന്‍ ഹോളണ്ട് സ്‌ട്രൈക്കറായ പാട്രിക് ക്ലൂയിവെര്‍ട് പറയുന്നത്. ക്രിസ്റ്റ്യാനോ ആയിരുന്നില്ല എതിരാളി എങ്കില്‍ മെസ്സിക്ക് ഇത്രയും ഉയരത്തില്‍ എത്താന്‍ സാധിക്കില്ലായിരുന്നെന്നും ക്ലൂയിവെര്‍ട് പറയുന്നു. റൊണാള്‍ഡോയും മെസ്സിയും കരസ്ഥമാക്കിയ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിന്റെ കണക്കും ഇരുവരുടെയും നേട്ടങ്ങളും കണക്കാക്കിയാണ് ക്ലൂയിവെര്‍ട് മെസ്സിയുടെ വിജയരഹസ്യം ക്രിസ്റ്റിയാനോ ആണെന്ന് വെളിപ്പെടുത്തിയത്. 2010നു ശേഷമുള്ള മുഴുവന്‍ ലോകഫുട്‌ബോളര്‍ പുരസ്‌കാരങ്ങളും ഇരുവരുമാണ് നേടിയിട്ടുള്ളത്.
ഫുട്‌ബോളില്‍ മെസ്സി വ്യത്യസ്ത തലത്തിലാണ്. പക്ഷേ, ക്രിസ്റ്റ്യാനോയെ പോലെ ഒരാള്‍ വേണം മെസ്സിക്ക് വളരാന്‍ എതിരാൡയായിട്ടെന്ന്് ക്ലൂയിവെര്‍ട് പറഞ്ഞു. ഓരോ മത്സരത്തിലും കൂടുതല്‍ നന്നായി കളിക്കാന്‍ മെസ്സിക്ക് പ്രചോദനമാകുന്ന തരത്തില്‍ ആരെങ്കിലും വേണം. ഓരോ മത്സരവും വെല്ലുവിളിയായി കാണണം. മെസ്സിയും ക്രിസ്റ്റിയാനോയും ലോകോത്തര താരങ്ങളാണ്. അങ്ങനെയാകുമ്പോള്‍ ഇരുവരും വിരുദ്ധ ചേരിയിലാകുന്നത് ഇരുവരുടെയും കളിയെ പരിപോഷിപ്പിക്കുമെന്നും ക്ലൂയിവെര്‍ട് പറഞ്ഞു. മെസ്സി ബാഴ്‌സയുടെ മികച്ച താരമായിരിക്കും. എന്നുകരുതി മറ്റുള്ള താരങ്ങളെ മറക്കരുതെന്നും ക്ലൂയിവെര്‍ട് പറഞ്ഞു.
1998 മുതല്‍ 2004വരെ ബാഴ്‌സലോണ താരമായിരുന്നു ക്ലൂയിവെര്‍ട്. ഇക്കാലയളവില്‍ ബാഴ്‌സയ്ക്കായി 90 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് ഇപ്പോള്‍ ബാഴ്‌സലോണയെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here