വത്തിക്കാന്‍ സിറ്റി: യൂറോപ്പിലേക്ക് കുടിയേറിയെത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു കുടുംബത്തെ എങ്കിലും രക്ഷിക്കണമെന്ന് യൂറോപ്യന്‍ വിശ്വാസി സമൂഹത്തോട് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. യൂറോപ്പിലെ കത്തോലിക്കാ സമുദായത്തോടും വിശ്വാസികളോടുമാണ് പോപ് ആഹ്വാനം ചെയ്തത്. വത്തിക്കാനില്‍ ആദ്യം ഇത് തുടങ്ങുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ ഞായറാഴ്ച പ്രസംഗത്തിനിടെയാണ് മാര്‍പ്പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. പള്ളികളോടും പുരോഹിതരോടും വിശ്വാസികളോടും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
മെഡിറ്ററേനിയന്‍ കടല്‍ കടന്നും മറ്റും യൂറോപ്പിലേക്കെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ ആഹ്വാനം. വിശപ്പ് സഹിക്കാനാകാതെ മരണം മുന്നില്‍ കണ്ട് ഓടിയൊളിക്കുന്ന അഭയാര്‍ത്ഥികള്‍ ദുരന്തമാണ്. അതുകൊണ്ട് തന്നെ ഇവരെ സഹായിക്കാനുള്ള യജ്ഞത്തിന് യൂറോപ്യന്‍ ബിഷപ്പുമാര്‍ പൂര്‍ണ പിന്തുണ നല്‍കണം. വത്തിക്കാനാണ് പദ്ധതി തുടങ്ങി വയ്ക്കുന്നത്. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ രണ്ട് കുടുംബങ്ങളെ ദത്തെടുക്കുമെന്നും പോപ് വ്യക്തമാക്കി. ഇറ്റലിയില്‍ മാത്രമായി 25,000-ല്‍ അധികം ക്രിസ്ത്യന്‍ ഇടവകകളുണ്ട്. ജര്‍മനിയില്‍ 12,000-ല്‍ അധികം ഇടവകകളാണുള്ളത്. ഇവിടങ്ങളിലേക്കാണ് കൂടുതല്‍ സിറിയക്കാരും പലായനം ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here