ഇനി നോട്ടുകളിലെ വ്യാജനെ എളുപ്പത്തില്‍ തിരിച്ചറിയാം; പുതിയ നോട്ടുകളില്‍ ഏഴ് പുതിയ സെക്യൂരിറ്റി ഫീച്ചേഴ്‌സ്

ദില്ലി: പുതുതായി ഇറങ്ങുന്ന ബാങ്ക് നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഏഴ് സെക്യൂരിറ്റി ഫീച്ചേഴ്‌സ് കൂടി ഏര്‍പ്പെടുത്തും. പുതിയ 1000, 500 നോട്ടുകളിലാണ് പുതിയ സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഏര്‍പ്പെടുത്തുക. വ്യാജ കറന്‍സിയെ തിരിച്ചറിയാന്‍ ഇത് ഏറെ സഹായകമാകും. നോട്ടുകളിലെ നമ്പറിംഗ് സിസ്റ്റവും പുതിയ രീതിയില്‍ ആയിരിക്കും. റിസര്‍വ് ബാങ്കിന്റെ ഉപശാഖയായ ഭാരതീയ നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡും സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷനും സംയുക്തമായി ഇതിന്റെ പ്രവര്‍ത്തനത്തിലാണ്. ഏതെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ വ്യാജ കറന്‍സി ലഭിച്ചാല്‍ പൊലീസില്‍ പരാതിപ്പെടാമെന്നും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം മെയ് മാസത്തോടെ പുതിയ കറന്‍സികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ 500, 1000 രൂപയുടെ നോട്ടുകളിലാകും പരിഷ്‌കാരം കൊണ്ടുവരുന്നത്. വൈകാതെ മറ്റു നോട്ടുകളിലും ഇത് ബാധകമാക്കും. പോരാത്തതിന് കള്ളനോട്ട് കണ്ടെത്തിയാല്‍ അതില്‍ കൗണ്ടര്‍ഫീറ്റ് നോട്ട് എന്ന് സ്റ്റാംപ് ചെയ്യാനും നോട്ട് നശിപ്പിച്ചു കളയാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം പാലിക്കാത്ത ബാങ്കുകള്‍ക്കെതിരെ കേസെടുക്കുമെന്നും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. കള്ളനോട്ട് സംബന്ധിച്ച കേസുകള്‍ എന്‍ഐഎ ആണ് കൈകാര്യം ചെയ്യുക.

രാജ്യത്തേക്കുള്ള വ്യാജ കറന്‍സികളുടെ ഒഴുക്ക് തടയാനായിട്ടില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളും ഗള്‍ഫ് രാജ്യങ്ങളുമാണ് ഇന്ത്യയില്‍ കള്ളനോട്ട് വിതരണത്തിന് എത്തിക്കുന്നത്. മലേഷ്യ, തായ്‌ലന്‍ഡ് ഒമാന്‍ എന്നീ രാജ്യങ്ങളാണ് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ധാരാളമായി കൈവശം വയ്ക്കുന്നത്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ പ്രചരിപ്പിക്കുന്ന കള്ളനോട്ടുകള്‍ ഏറ്റവും കൂടുതലായി പ്രചരിക്കുന്നത് ഗുജറാത്തിലാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത 30,354,604 കള്ളനോട്ടുകളില്‍ 87,47,820 എണ്ണവും ഗുജറാത്തില്‍ നിന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here