സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ മകളെ ബലി നല്‍കാന്‍ ഉപദേശം; അച്ഛന്‍ മകളെ അടിച്ചു കൊന്നു

കാണ്‍പൂര്‍: ഒരു അച്ഛനോട് ഏറ്റവും അടുത്തിരിക്കുന്നത് മകളാണെന്നാണ് പ്രമാണം. എന്നാല്‍, ഇവിടെയിതാ സുഹൃത്തിന്റെ വാക്കുകേട്ട് സ്വന്തം മകളെ യാതൊരു ദയയും കാണിക്കാതെ അടിച്ചു കൊന്നു ഒരു അച്ഛന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂര്‍ ജില്ലയിലെ ജമൗര്‍ ഗ്രാമത്തിലാണ് സംഭവം. ഗിര്‍ജേഷ് എന്നയാളാണ് തന്റെ ഒമ്പതു വയസ്സുകാരിയായ മകള്‍ ഖുഷിയെ പാറപൊട്ടിക്കുന്ന ഇരുമ്പ് മുട്ടി കൊണ്ട് അടിച്ചു കൊന്നത്. വീട്ടില്‍ സന്തോഷവും സമൃദ്ധിയും സമ്പത്തും ഉണ്ടാവാന്‍ മകളെ ബലി നല്‍കിയാല്‍ മതിയെന്ന സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ചാണ് ഗിര്‍ജേഷ് ഈ കൊടുംക്രൂരത കാണിച്ചത്. ഗിര്‍ജേഷിന്റെ ഭാര്യ സുനിതയുടെ പരാതിയില്‍ ഗിര്‍ജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ഷകനായ ഗിര്‍ജേഷിന് ധാരാളം സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. സംഭവത്തെ കുറിച്ച് സുനിത പറയുന്നത് ഇങ്ങനെ. ഗിര്‍ജേഷിന്റെ സുഹൃത്ത് വീട്ടില്‍ വന്നിരുന്നു. പ്രയാസങ്ങളും മറ്റും പറയുന്നതിനിടെ കരയാമ്പൂവും കര്‍പ്പൂരവും വീട്ടില്‍ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലാതിരുന്നതിനാല്‍ ഗിര്‍ജേഷ് മാര്‍ക്കറ്റില്‍ പോയി അവ വാങ്ങിക്കൊണ്ടുവന്നു. എന്നാല്‍, അവ ഇല്ലെന്ന് പറഞ്ഞ കാരണത്താല്‍ സുഹൃത്ത് ഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്ന് പോയി. ഉപവാസത്തിലാണെന്നാണ് അയാള്‍ പറഞ്ഞത്.

ഇതിനുശേഷം മറ്റെന്തോ കാര്യത്തിന് സുനിതയും ഗിര്‍ജേഷും തമ്മില്‍ വഴക്കുണ്ടാകുകയും സുനിത മക്കളെയും കൂട്ടി ഉറങ്ങാനായി പോകുകയും ചെയ്തു. സുനിത ഉറങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ഗിര്‍ജേഷ് ഖുഷിയെ എടുത്തു കൊണ്ടുപോകുകയും അടിച്ചു കൊല്ലുകയും ചെയ്തത്. അന്വേഷണത്തില്‍ മന്ത്രവാദം തന്നെയാണ് കുട്ടിയെ കൊന്നതിന് കാരണമായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വിശദമായി ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ നിജസ്ഥിതി വെളിവാകു എന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News