ന്യൂയോര്‍ക്ക്: സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് നിര്‍മിച്ച ആദ്യത്തെ ആപ്പിള്‍ കംപ്യൂട്ടറുകളില്‍ ഒന്ന് ലേലത്തിന് വയ്ക്കുന്നു. 40 വര്‍ഷം മുമ്പ് സ്റ്റീവും വോസ്‌നിയാക്കും സ്വന്തം കൈകളാല്‍ നിര്‍മിച്ച കംപ്യൂട്ടറാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ രൂപ 3 കോടി 33 ലക്ഷം രൂപയാണ് അടിസ്ഥാന ലേലത്തുകയായി നിശ്ചയിച്ചിട്ടുള്ളത്. സ്റ്റീവും വോസ്‌നിയാക്കും നിര്‍മിച്ച ആദ്യ ബാച്ചിലുള്ള കംപ്യൂട്ടറുകളില്‍ ഒന്നിന്റെ മദര്‍ബോര്‍ഡാണിത്. ബൈറ്റ് ഷോപ്പ് എന്ന ആപ്പിളിന്റെ ആദ്യ ഉപഭോക്താവിനായി നിര്‍മിച്ചത്. അന്ന് 437 ബ്രിട്ടീഷ് പൗണ്ട് അഥവാ 44,206 ഇന്ത്യന്‍ രൂപയായിരുന്നു വില.
സെപ്തംബര്‍ 21നാണ് ലേലം തീരുമാനിച്ചിട്ടുള്ളത്. 3,33,000 ബ്രിട്ടീഷ് പൗണ്ടാണ് ലേലത്തുക. ഇത് 3,33,82,803 രൂപ വരും. 1976-ലാണ് സ്റ്റീവും വോസ്‌നിയാക്കും ചേര്‍ന്ന് മദര്‍ബോര്‍ഡ് നിര്‍മിക്കുന്നത്. ഫ് ളോറിഡയിലെ ഒരു കംപ്യൂട്ടര്‍ ഷോപ്പില്‍ വ്യാപാരം നടത്തിയ മദര്‍ബോര്‍ഡിന് പക്ഷേ കാര്യമായ ചെലവുണ്ടായിരുന്നില്ല. ഒരു യൂണിറ്റ് പോലും വിറ്റു പോവുകയുണ്ടായില്ല. ഒടുവില്‍ ഏറെക്കാലം ഷെല്‍ഫിലിരുന്ന ശേഷം സമാനമായ മറ്റുചില വസ്തുക്കള്‍ ലേലം ചെയ്ത കൂട്ടത്തില്‍ സ്റ്റീവിന്റെയും വോസ്‌നിയാക്കിന്റെയും ആദ്യ സംരംഭവും ലേലത്തില്‍ പോവുകയായിരുന്നു.
40 വര്‍ഷങ്ങള്‍ക്കിപ്പുറവും മദര്‍ബോര്‍ഡ് ഇപ്പോഴും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ ഇരിക്കുന്നുണ്ടെന്ന് ആപ്പിള്‍ വണ്‍ വിദഗ്ധനും ലേലം ചെയ്യുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കൊറി കോഹന്‍ പറയുന്നു. മിഡ് അറ്റ്‌ലാന്റിക് റെട്രോ കംപ്യൂട്ടിംഗ് ഹോബിയിസ്റ്റ്‌സ് മ്യൂസിയം ആണ് ആപ്പിള്‍ വണ്‍ ലേലം ചെയ്യുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ വണ്‍ കംപ്യൂട്ടറുകളില്‍ ഒന്നാണ് ലേലത്തിന് വയ്ക്കുന്നതെന്ന് കൊറി കോഹന്‍ പറഞ്ഞു. മറ്റൊരു സ്‌ക്രീനിനോട് ബന്ധിപ്പിച്ചാല്‍ മാത്രം പ്രവര്‍ത്തിപ്പിക്കാനാവുന്ന ഒരു മദര്‍ബോര്‍ഡാണ് ആപ്പിള്‍ വണ്‍. പ്രത്യേകം കീബോര്‍ഡും കെയ്‌സിംഗും എല്ലാം ഉണ്ടെങ്കിലേ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമായിരുന്നുള്ളു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here