മുല്ലപ്പെരിയാറില്‍ പാരിസ്ഥിതിക പഠനത്തിന് അനുമതിയില്ല; കേരളത്തിന്റെ അപേക്ഷ തള്ളി; കേസ് മറച്ചുവച്ചതിന് കേരളത്തിന് വിമര്‍ശനം

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി പാരിസ്ഥിതിക പഠനം നടത്താന്‍ കേരളം നല്‍കിയ അപേക്ഷ തള്ളി. പഠനത്തിനുള്ള അനുമതി കേന്ദ്രം റദ്ദാക്കി. കേന്ദ്ര വനം വന്യജീവി ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ കേസ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് അനുമതി റദ്ദാക്കിയത്.കേസുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തെ ബോര്‍ഡ് വിമര്‍ശിക്കുകയും ചെയ്തു. നേരത്തെ കേരളത്തിന് നല്‍കിയിരുന്ന അനുമതിയാണ് ബോര്‍ഡ് ഇപ്പോള്‍ റദ്ദാക്കിയത്. ഇതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു.

പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു. 2014 ഡിസംബറില്‍ കേരളത്തിന് അനുമതി ലഭിക്കുകയും ചെയ്തു. ഇതനുസരിച്ച് കേരളം ചില പഠനങ്ങള്‍ നടത്തി വരുന്നുണ്ടായിരുന്നു. എന്നാല്‍, സുപ്രീംകോടതിയില്‍ കേസുള്ളതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മന്ത്രാലയം ഇപ്പോള്‍ തീരുമാനമെടുക്കുകയായിരുന്നു. വനം-വന്യജീവി ബോര്‍ഡിന്റെ അനുമതിയുള്ളതിനാല്‍ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

വനം-വന്യജീവി വകുപ്പും അനുമതി റദ്ദാക്കിയതിനാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനായി തുടര്‍ പഠനങ്ങള്‍ നടത്തുന്നതിനുള്ള അനുമതി കേരളത്തിന് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here