ഇഷ്ടം അച്ഛന്റെ കോമഡി സിനിമകള്‍ കാണാന്‍; അച്ഛന്റെ ജയപരാജയങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി

മുംബൈ: സല്‍മാന്‍ ഖാന്‍ നിര്‍മാതാവായും ഗായകനായും അവതരിപ്പിക്കുന്ന ഹീറോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി മനസ്സു തുറക്കുന്നു. അച്ഛന്റെ ജയപരാജയങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ആതിയ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും വീട്ടില്‍ അച്ഛന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ലായിരുന്നു. കുട്ടികളായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കരിയറിലെ വിജയവും പരാജയവും ഞങ്ങളെ ബാധിച്ചിട്ടില്ല. എന്നും കാര്യങ്ങള്‍ ഒരുപോലെ ആയിരുന്നു. വെള്ളിയാഴ്ച തങ്ങളുടെ വീട്ടില്‍ ഒരു ഭയമായിരുന്നില്ലെന്നും ആതിയ പറഞ്ഞു.

അച്ഛന്റെ കോമഡി ചിത്രങ്ങള്‍ കാണാനായിരുന്നു തനിക്ക് ഇഷ്ടമെന്ന് ആതിയ പറയുന്നു. അദ്ദേഹത്തിന്റെ ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അച്ഛന്റെ സിനിമകള്‍ അധികം കണ്ടിട്ടില്ല. ആരെങ്കിലും അച്ഛനെ ഇടിക്കുന്നത് സിനിമയില്‍ കാണുമ്പോള്‍ അത് എന്നില്‍ ഭയമുളവാക്കിയിരുന്നു. ഹേര ഫേരിയിലെ സുനില്‍ ഷെട്ടിയെയാണ് തനിക്ക് ഏറെ ഇഷ്ടമെന്നും ആതിയ മനസ്സു തുറക്കുന്നു. ഒത്തിരി നായികമാരോടൊപ്പം അച്ഛന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിഷ്മ കപൂറിനൊപ്പവും രവീണ ഠണ്ഡനൊപ്പവും ഉള്ള ജോഡിയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ആതിയ പറഞ്ഞു. അച്ഛന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ ഒരിക്കല്‍പോലും സെറ്റ് സന്ദര്‍ശിച്ചിട്ടില്ല. അതിന് അനുമതി ഇല്ലായിരുന്നു.

ബോളിവുഡ് നടിയാകണമെന്ന് തനിക്ക് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. നടിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. അത് അച്ഛന്‍ സിനിമക്കാരന്‍ ആയതു കൊണ്ടല്ല. സിനിമകള്‍ കാണാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നയാളായത് കൊണ്ടാണ് ഇതെന്നും ആതിയ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഫിലിം സ്‌കൂളിലാണ് ആതിയ പഠിച്ചത്. ഹീറോയാണ് ആതിയയുടെ ആദ്യചിത്രം. ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പിന്നണി ഗായകനായും സല്ലു പ്രവര്‍ത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here