രഞ്ജിനി ഹരിദാസ് ഇതൊന്നു കാണണം; വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

കൊച്ചി: തെരുവുനായകളെ കൊല്ലരുതെന്ന് പറഞ്ഞ് ചന്ദ്രഹാസമിളക്കുന്ന രഞ്ജിനി ഹരിദാസ് ഇതൊന്നു കാണണം. വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. എറണാകുളം കോതമംഗലത്ത് തൃക്കാരിയൂര്‍ ആമല അമ്പോലക്കാവിന് സമീപം രവി അമ്പിളി ദമ്പതിമാരുടെ മകന്‍ മൂന്നു വയസ്സുകാരനായ ദേവനന്ദനാണ് പട്ടിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന് മുന്‍ഭാഗത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദേവനന്ദനെ തെരുവുനായ കടിച്ചു കീറിയത്. കുഞ്ഞിന് ചോറെടുക്കാന്‍ അമ്മ അടുക്കളയിലേക്ക് പോയപ്പോഴാണ് ദേവനന്ദനെ പട്ടി കടിച്ചത്.

വരാന്തയില്‍ നിന്ന് കുട്ടിയെ നായ കടിച്ചുവലിച്ച് മുറ്റത്തിട്ട് കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് നായയെ തുരത്തിയോടിച്ചു. കുഞ്ഞിന്റെ മുഖത്ത് വിവിധ ഭാഗത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് കണ്ണിനും ചുണ്ടിനും പിന്‍കഴുത്തിലും കടിയേറ്റ് ആഴത്തില്‍ മുറിവുണ്ടായി. കൈകാലുകളിലും മുറിവ് പറ്റി. കോതമംഗലത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അപകടകാരികളായ നായകളെ കൊല്ലാന്‍ നഗരസഭകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കൈരളി പീപ്പിളിനോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here