ഒസ്മാനാബാദ്(മഹാരാഷ്ട്ര): കൃഷി നശിക്കുകയും ജോലിയൊന്നും ഇല്ലാതാകുകയും ചെയ്തതോടെ ഭക്ഷണം ലഭിക്കാതെ വിശന്നുകരയുന്ന അഞ്ച് മക്കളുടെ മുന്നില്‍ നിസ്സഹായയായ അമ്മ തീകൊളുത്തി മരിച്ചു. രാജ്യമെങ്ങും രക്ഷാബന്ധന്‍ ആചരിച്ച ശനിയാഴ്ച തന്നെയാണ് ഈ ദാരുണ സംഭവവും നടന്നത്. മഹാരാഷ്ട്രയിലെ മാര്‍ത്തവാഡ പ്രദേശത്തെ 40 കാരിയായ മനീഷ ഗാഡ്കല്‍ ആണ് ആത്മഹത്യ ചെയ്തത്. വരള്‍ച്ച മൂലം കൃഷിയെല്ലാം നശിച്ചതിനാല്‍ പണി നഷ്ടപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടില്‍ മുഴു പട്ടിണിയായിരുന്നു. ഇതില്‍ മനം നൊന്താണ് അഞ്ചു കുട്ടികളുടെ അമ്മയായ മനീഷ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഞങ്ങള്‍ വളരെ പാവപ്പെട്ടവരാണ്. കഴിക്കാന്‍ വീട്ടില്‍ ഒരു ആഹാരവും ഇല്ല. എനിക്കാണെങ്കില്‍ ഒരു ജോലിയുമില്ല. വല്ലപ്പോഴുമാണ് ജോലി ഉണ്ടാവുക. അങ്ങനെ പോയ സമയത്താണ് അവള്‍ മുറി പൂട്ടി ആത്മഹത്യ ചെയ്തതെന്ന് മനീഷയുടെ ഭര്‍ത്താവ് ലക്ഷ്മണ്‍ പറയുന്നു. കഴിഞ്ഞ 12 ദിവസങ്ങളിലായി 18 കിലോ ഗോതമ്പും 12 കിലോ അരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴു പേരടങ്ങിയ കുടുംബത്തിന് ഇതു മതിയാവുമായിരുന്നില്ല മനീഷയുടെ ബന്ധു സാംഭാജി പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മാര്‍ത്തവാഡയില്‍ വരള്‍ച്ച ശക്തമാണ്. ഗ്രാമത്തിലെ കര്‍ഷകര്‍ക്കെല്ലാം തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലും ജനങ്ങള്‍ക്ക് ജോലി ലഭിച്ചിട്ടില്ല. 2014-ല്‍ 574 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here