സര്‍വകക്ഷിയോഗം സമവായമായില്ല; നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍; ഒക്ടോബറില്‍ വേണമെന്ന് എല്‍ഡിഎഫും ബിജെപിയും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു. തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്ന് സര്‍ക്കാരും ഒക്ടോബറില്‍ തന്നെ വേണമെന്ന് എല്‍ഡിഎഫും ബിജെപിയും ശഠിച്ചതോടെ യോഗം സമവായമാകാതെ പിരിയുകയായിരുന്നു. തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്നും 28 പുതിയ മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ നീട്ടിവയ്ക്കാനാവരുത് സര്‍വകക്ഷി യോഗമെന്നും സിപിഐഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് വിശദീകരിക്കാന്‍ വൈകിട്ട് മൂന്നു മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. പുതിയ നഗരസഭകളിലും തെരഞ്ഞെടുപ്പ് നടത്തിയേക്കും. ഇത് ഹൈക്കോടതി അംഗീകരിച്ചതാണെന്ന സര്‍ക്കാര്‍ വാദം കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തേക്കും. ഇക്കാര്യത്തില്‍ കമ്മീഷന് നിയമോപദേശം ലഭിച്ചതായാണ് സൂചന.

തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമ്മീഷന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here