സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

ബംഗളുരു: സുഹൃത്തിനെ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്കു മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭീഷണി സന്ദേശം അയച്ച കേസ് വഴിത്തിരിവില്‍. പിടിയിലായ എം ജി ഗോകുല്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസിനോടു സമ്മതിച്ചതായി സൂചന. ബംഗളുരു, ദില്ലി വിമാനത്താവളങ്ങളിലേക്കു സുഹൃത്തിന്റെ പേരിലെടുത്ത സിംകാര്‍ഡില്‍നിന്ന് സന്ദേശം അയച്ച കേസില്‍ ഇന്നലെയാണ് ഐബിഎമ്മില്‍ എന്‍ജിനീയറായ എം ജി ഗോകുല്‍ അറസ്റ്റിലായത്.

അയല്‍വാസിയും സുഹൃത്തും ജൂനിപെര്‍ നെറ്റ്‌വര്‍ക്‌സ് എന്ന കമ്പനിയിലെ എന്‍ജിനീയറുമായ സാജു ജോസിന്റെ പേരിലുള്ള സിമ്മില്‍നിന്നാണ് ഗോകുല്‍ ബംഗളുരു, ദില്ലി വിമാനത്താവളങ്ങളിലേക്കു വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചത്. സാജു ജോസിനെ കുടുക്കി സാജുവിന്റെ ഭാര്യയെ സ്വന്തമാക്കുകയായിരുന്നു ഗോകുലിന്റെ ലക്ഷ്യം. ഇതിനായി സാജുവിന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു വരുത്തുകയും ചെയ്തു. സൗദി അറോബ്യയിലേക്കുള്ളവിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. തുടര്‍ന്നു നിരവധി വിമാനങ്ങളുടെ സര്‍വീസ് മുടങ്ങി. ഇതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 1250 ജനങ്ങള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഇന്നലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോകുലാണ് സന്ദേശം അയച്ചതെന്നു കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നു രാവിലെ ചോദ്യം ചെയ്യലിലാണ് ജൂലൈ 27ന് പശ്ചിമബംഗാള്‍ സ്വദേശിയായ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി ഗോകുല്‍ സമ്മതിച്ചത്. വിമാനത്താവളത്തിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനും ഭീഷണിപ്പെടുത്തിയതിനും കൊലപാതകത്തിനും പ്രത്യേകം പ്രത്യേകം കേസെടുക്കുമെന്നു ബംഗളുരു പൊലീസ് അറിയിച്ചു.

ഏഴു വര്‍ഷം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഗോകുല്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഇരുവരുടെയും ബന്ധം മോശമായിരുന്നെന്നും വഴക്കു പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. സാജുവിന്റെ ഭാര്യയില്‍ ഗോകുലിന് താല്‍പര്യം വന്നതോടെ കുടുംബബന്ധം തകര്‍ച്ചയിലെത്തുകയായിരുന്നു. ജൂലൈ ഇരുപത്തേഴിന് താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ ജീവനൊടുക്കി എന്നായിരുന്നു ഗോകുല്‍ അയല്‍വാസികളെ വിശ്വസിപ്പിച്ചിരുന്നത്. ഇന്നലെ, ഭീഷണി സന്ദേശക്കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതക കഥ ചുരുളഴിഞ്ഞത്.

ഭാര്യ മദ്യത്തിന് അടിമയായിരുന്നെന്നും മറ്റൊരു ബന്ധമുണ്ടായിരുന്നെന്നുമാണ് കൊലപാതകത്തിന് കാരണമായി ഗോകുല്‍ പൊലീസിനോടു പറഞ്ഞത്. ഭാര്യയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ പൊലീസിന് സംശയമുണര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കേസ് ബംഗളുരു പൊലിസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കൈമാറി.

വളരെ ആസൂത്രിതമായാണ് ഗോകുല്‍ കൃത്യം നിര്‍വഹിച്ചത്. സുഹൃത്തായ സാജുവിന്റെ തിരിച്ചറിയല്‍ കാര്‍ഡും എന്‍ജിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റും തന്ത്രത്തില്‍ കൈക്കലാക്കിയാണ് ഗോകുല്‍ സിം കാര്‍ഡ് എടുത്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് വിമാനത്താവള ഉദ്യോഗസ്ഥന്റെ വാട്‌സ്ആപ്പിലേക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.

സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് സന്ദേശം വന്നതെന്നും ഐ.ടി. കമ്പനി ജീവനക്കാരനായ ഒരാളുടെപേരിലാണ് മൊബൈലെന്നും കണ്ടെത്തി. ഇയാളെ പിടികൂടിയെങ്കിലും സിം കാര്‍ഡ് കണ്ടെത്താനായില്ല. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് ഗോകുലിന്റെ പക്കല്‍നിന്ന് സിംകാഡ് പിടിച്ചത്. അയല്‍വാസിയുടെ ഭാര്യയെ താന്‍ പ്രണയിച്ചിരുന്നുവെന്നും അയല്‍വാസിയെ ജയിലിലാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഗോകുല്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. സാജുവിന്റെ തിരിച്ചറിയല്‍ കാര്‍ഡും എന്‍ജിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റും എങ്ങനെയാണു ഗോകുലിന്റെ കൈവശമെത്തിയതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സാജൂവിന്റെ ഭാര്യക്ക് ഇതിലുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഗോകുല്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here