ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും മാന്യമായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ചെന്നൈ: തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദധാരിയാണ് ലിവിങ്‌സ്‌മൈല്‍ ദിവ്യ, എന്‍ജിനീയറിംഗിനു പഠിക്കുകയാണ് ബാനു, എയ്ഞ്ചല്‍ ഗ്ലാഡിയും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. മൂവരും കഴിഞ്ഞദിവസം ചെന്നൈ കളക്ടറുടെ മുന്നിലെത്തിയത് ജീവിക്കാനുള്ള അവകാശത്തെ സമൂഹം തടഞ്ഞു തടഞ്ഞു മനസുകെട്ടപ്പോള്‍ മാത്രമാണ്. ജീവിച്ചു തുടങ്ങുന്ന പ്രായത്തിലുള്ള മൂന്നുപേര്‍ക്കും ഒറ്റ ആവശ്യമാണുണ്ടായിരുന്നത്, മരിക്കാന്‍ അനുവദിക്കണം. ഭിന്ന ലൈംഗികശേഷിയുള്ളവരായിപ്പോയെന്ന കാരണത്താല്‍ ഭരണകൂടവും സമൂഹവും കാട്ടുന്ന വിവേചനത്തില്‍ മനം നൊന്താണ് മൂന്നു പേരും കളക്ടറുടെ മുന്നിലെത്തിയത്.

മാന്യമായ ജീവിതം നയിക്കാന്‍ ഭരണകൂടമോ സമൂഹമോ തങ്ങളെ അനുവദിക്കുന്നില്ലെന്നു മൂന്നുപേരും നിവേദനത്തില്‍ പറയുന്നു. വിവേചനം അനുഭവിച്ചു ജീവിതത്തില്‍ മരിച്ചതിനൊക്കുമേ എന്ന നിലയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുകയാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ലഭിക്കാന്‍ നിരവധി വാതിലുകള്‍ മുട്ടി. മാന്യമായി ജീവിക്കാനാണ് ഇതൊക്കെ ചോദിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കേട്ടഭാവം നടിക്കുന്നില്ല. ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി യാചിക്കേണ്ട അവസ്ഥയാണ്. അത്തരത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹമില്ല. – നിവേദനം നല്‍കാനെത്തിയ ലിവിങ് സ്‌മൈല്‍ വിദ്യ പറഞ്ഞു.

തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാമെന്നു കളക്ടര്‍ ഉറപ്പു നല്‍കിയതായി ഒപ്പമുണ്ടായിരുന്ന ബാനു പറഞ്ഞു. തങ്ങളാരും യാചിക്കുന്നവരോ ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരോ അല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമൂഹം കാരണം അങ്ങനെയാവുകയാണ്. അതാണ് ഇല്ലാതാക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News