സിറിയയില്‍ വ്യോമാക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്; നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും; പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഷര്‍ അല്‍ അസദെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദം രൂക്ഷമായ സിറിയയില്‍ ആക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്. ഇതിന് മുന്നോടിയായി ഫ്രാന്‍സ് സിറിയയിലേക്ക് നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും. റീക്കണ്‍ ജെറ്റ് നിരീക്ഷണ വിമാനങ്ങളാണ് അയക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ പറഞ്ഞു. തീവ്രവാദത്തിനും യുദ്ധത്തിനും എതിരായ പോരാട്ടം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നീക്കമെന്നും ഹൊളാന്ദെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഫ്രാങ്കോയിസ് ഹൊളാന്ദെ ഉയര്‍ത്തിയത്. അസദ് ആണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക്് കാരണക്കാരനെന്നാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട്. പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ നേതാവാണ് അസദ്. അസദ് സ്വന്തം ജനതയ്ക്ക് നേരെയാണ് ബോംബാക്രമണം നടത്തിയത്. രാസായുധങ്ങള്‍ ഉപയോഗിച്ചു പോലും ആക്രമണം നടത്തിയ അസദ് ആണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനെന്നും ഹോളാന്ദെ ആരോപിച്ചു.

ദേശീയ ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഫ്രാന്‍സിന്റെ യുദ്ധസന്നാഹം. ആദ്യ ഘട്ടത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തീവ്രവാദ പരിശിലന കേന്ദ്രങ്ങളാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ഐഎസിന്റെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തുകയെന്നതും നിരീക്ഷണ ജെറ്റുകളുടെ ദൈത്യമാണ്. ഐഎസിന്റെ പ്രധാന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ ശേഷമാകും ഫ്രാന്‍സിന്റെ വ്യോമാക്രമണം.

സിറിയയ്ക്ക് പിന്നാലെ ഇറാഖിലേക്കും സമാനനീക്കത്തിന് ഫ്രാന്‍സ് പദ്ധതിയിടുന്നുണ്ട്. പോയവര്‍ഷം അമേരിക്കയുടെ നേതൃത്വത്തില്‍ ഐഎസിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഉദ്യേശിച്ച ഫലം നേടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. ഇസ്ലാമിക് സ്റ്റേറ്റിനെ ദുര്‍ബലപ്പെടുത്തിയ ശേഷം ആക്രമിച്ച് തകര്‍ക്കുക എന്നതായിരുന്നു അമേരിക്കന്‍ തന്ത്രം. എന്നാല്‍ ഇത് പാളിയത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായി.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സിറിയയിലെ ജനങ്ങള്‍ ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്്. അഭയാര്‍ത്ഥി പ്രവാഹം ഇപ്പോള്‍ വന്‍തോതിലാണ്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തി തുറന്നിടുന്നത് ദോഷകരമായി ബാധിച്ചേക്കുമെന്ന് ഫ്രാന്‍സിന് ഭയമുണ്ട്. ഇതാണ് ഫ്രാന്‍സിന്റെ സിറിയന്‍ നിരീക്ഷണ നീക്കത്തിന് പിന്നിലെ കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here