തിരുവനന്തപുരം: തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. രാത്രിയാണ് യോഗം. ഗ്രൂപ്പ് തര്‍ക്കം തെരുവിലേക്കും പോസ്റ്റര്‍ യുദ്ധത്തിലേക്കും നീണ്ട സാഹചര്യത്തിലാണ് കെപിസിസി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ സ്വന്തം നാട്ടിലെ ഗ്രൂപ്പ് പോര് പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ഇതുവരെ ജില്ലയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ചാവക്കാട് ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ നഗരത്തില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരമായി പ്രത്യേകയോഗം വിളിക്കാന്‍ കെപിസിസി തീരുമാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതിയോഗവും ഇന്ന് ചേരുന്നുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടന മുന്നോട്ട് കൊണ്ടുപോകണോ എന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും യോഗത്തില്‍ ചര്‍ച്ചയായേക്കും. പാര്‍ട്ടിയുടെ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിനുള്ളില്‍ വികാരമുണ്ട്. കോണ്‍ഗ്രസ് ഇതുവരെ മത്സരിച്ച സീറ്റുകളിലെല്ലാം തന്നെ മത്സരിക്കാനും ധാരണയുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post