ബരാസത്: സ്ഥിരം പൂവാലന്‍മാരായ നാട്ടിലെ റൗഡികളെക്കുറിച്ചു നാട്ടുകാരോടു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചവര്‍ക്കു മുന്നില്‍ പഠിച്ച കരാട്ടേ പ്രയോഗിച്ച് പെണ്‍കുട്ടി മാതൃകയായി. പുരുഷന്‍മാര്‍ എതിര്‍ക്കാന്‍ മടിച്ചപ്പോള്‍ റൗഡികളുടെ മൂക്കിടിച്ചുപൊളിച്ച് കരുത്തു കാട്ടിയ പെണ്‍കുട്ടിയെ അതേനാട്ടുകാര്‍ തന്നെ വീരപരിവേഷം നല്‍കി ആദരിച്ചു. പശ്ചിമബംഗാളിലെ ബരാസതിലാണ് സംഭവം.
ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയില്‍വച്ചു രണ്ടു പേര്‍ തന്നോടും കൂട്ടുകാരിയോടും അപമര്യാദയായി പെരുമാറുന്നത് പതിവായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. പലവട്ടം ശല്യത്തെക്കുറിച്ചും ബന്ധുക്കളോടും നാട്ടുകാരോടും പരാതി പറഞ്ഞു. എല്ലാവര്‍ക്കും അവരോടു പ്രതികരിക്കാന്‍ പേടിയായിരുന്നു. സ്ഥിരമായി മദ്യപിച്ചു കമന്റടിക്കുന്നതു പതിവാക്കിയതോടെ ഒരു ദിവസം താന്‍ തന്നെ ഇരുവരെയും കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
പ്രദേശത്ത് സ്ത്രീകള്‍ക്കു പേടിസ്വപ്‌നമായി വിലസുന്ന അഞ്ചുപേരില്‍ രണ്ടുപേരെയാണ് പെണ്‍കുട്ടി കൈകാര്യം ചെയ്തത്. ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുന്നവഴിയില്‍ ഇരുവരും സൈക്കിളില്‍ ഇവരെ പിന്തുടര്‍ന്നു. കമന്റടിക്കുകയും പെണ്‍കുട്ടിയെ സ്പര്‍ശിച്ചുകൊണ്ടു മുന്നോട്ടു പോവുകയും ചെയ്തു. ഇതിനോട് എതിര്‍ത്തു ശബ്ദമുയര്‍ത്തിയപ്പോള്‍ അവര്‍ സൈക്കിള്‍ നിര്‍ത്തി പെണ്‍കുട്ടിയെ ആക്രമിക്കാനും പിടിച്ചുവലിച്ചിഴച്ചു തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകാനും ശ്രമിച്ചു. ഉടന്‍ പെണ്‍കുട്ടി രണ്ടുപേരെയും കഴുത്തില്‍ പിടിക്കുകയും ഒരു വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്ന കരാട്ടേമുറകള്‍ പ്രയോഗിക്കുകയുമായിരുന്നു.
ഒരാളുടെ ചെന്നിക്കും മറ്റൊരാളുടെ മുഖത്തും ശക്തിയായി പെണ്‍കുട്ടി ഇടിക്കുകയായിരുന്നു. ഒരാള്‍ ഇടി കിട്ടിയ വഴിക്കു പിന്‍മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടാമത്തെയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ മുഖത്തും ചെന്നിയിലും വീണ്ടും ആഞ്ഞിടിച്ചു. ഇരുവരുടെയും ചെവിയില്‍നിന്നും മൂക്കില്‍നിന്നും ചോരവാര്‍ന്നിരുന്നു. രണ്ടുപേരും ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണെങ്കിലും എഴുന്നേറ്റ് സൈക്കിളില്‍ സ്ഥലംവിട്ടു.
ഇതെല്ലാം നടക്കുമ്പോള്‍ നാട്ടുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു. ഒരാള്‍പോലും പെണ്‍കുട്ടിയെ സഹായിക്കാന്‍ എത്തിയില്ല. രണ്ടു റൗഡികളും സ്ഥലംവിട്ടപ്പോഴാകട്ടെ കൂടിനിന്ന നാട്ടുകാര്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കാനും രംഗത്തെത്തി. പെണ്‍കുട്ടിയെ ധൈര്യത്തെ അഭിനന്ദിച്ച നാട്ടുകാര്‍ പെണ്‍കുട്ടികളെ ആയോധനമുറകള്‍ പഠിപ്പിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും തെരഞ്ഞുവരികയാണെന്നും പൊലീസ് അിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here