ഇതായിരിക്കും മുംബൈയിലെ ഏറ്റവും വലിയ വസ്തുക്കച്ചവടം; മലബാര്‍ഹില്ലിലെ ജതിയ ഹൗസ് കുമാര്‍മംഗളം ബിര്‍ള വാങ്ങുന്നത് 425 കോടി രൂപയ്ക്ക്

മുംബൈ: സമ്പന്നര്‍ പുതിയ ഭൂമിയും വസ്തുവും ഒന്നും വാങ്ങുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ മുംബൈയില്‍ ഇപ്പോള്‍ കളമൊരുങ്ങുന്നത് ഏറ്റവും വിലയേറിയ വസ്തുക്കച്ചവടത്തിനാണ്. മലബാര്‍ ഹില്ലിലെ ജതിയ ഹൗസ് കുമാര്‍മംഗളം ബിര്‍ള വാങ്ങുമെന്നുറപ്പായി. 425 കോടി രൂപയാണ് ജട്ടിയ ഹൗസിനായി കുമാര്‍മംഗളം ബിര്‍ള മുടക്കുന്നത്. ഇതായിരിക്കും ഏറ്റവും വലിയ ലേലത്തുക എന്നാണ് റിപ്പോര്‍ട്ട്.

മൂംബൈയിലെ രണ്ടു വ്യവസായികളും ദില്ലിയിലെ ഒരു വ്യവസായിയും ഒരു ബില്‍ഡറുമാണ് ലേലത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍. എന്നാല്‍ ലേലം നടത്തിയ ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യയോ ആദിത്യ ബിര്‍ള ഗ്രൂപ്പോ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. കര്‍മിഖായേല്‍ റോഡിലെ മൂന്നുനില മാന്‍ഷനിലാണ് ബിര്‍ളയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ജട്ടിയ ഹൗസ് പുനര്‍നിര്‍മിക്കാനോ നവീകരിക്കാനോ ഇപ്പോള്‍ ബിര്‍ളയ്ക്കു പദ്ധതിയില്ലെന്നാണ് സൂചന.

മുപ്പതിനായിരം ചതുരശ്ര അടിയില്‍ നിര്‍മിച്ച രണ്ടു നിലകളുള്ള കെട്ടിടമാണ് ജട്ടിയ ഹൗസ്. ഒരേക്കറോളം വളപ്പുമുണ്ട്. പുദുംജീ പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്‍സ് ലിമിറ്റഡിന്റെ അരുണ്‍ ജതിയയും ശ്യാം ജതിയയുമാണ് 1951-ല്‍ കെട്ടിടം നിര്‍മിച്ചത്. രണ്ടു വര്‍ഷമായി ഇരുവരും കെട്ടിടം വില്‍ക്കാന്‍ ആലോചിച്ചുവരികയായിരുന്നു. ചില നിയമപ്രശ്‌നങ്ങള്‍ കാരണം ലേലത്തിനു വച്ചു.

ജതിയ സഹോദരന്‍മാര്‍ നാലു ശതകത്തോളം ഇവിടെയാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളില്‍ പലരും മറ്റു സ്ഥലങ്ങളിലേക്കു പോയതോടെ വലിയ കെട്ടിടം പരിപാലിക്കാന്‍ ആരുമില്ലാതായതാണ് വില്‍ക്കാന്‍ ജതിയ സഹോദരന്‍മാരെ പ്രേരിപ്പിച്ചത്.

ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യയുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോമി ഭാഭയുടെ മുംബൈയിലെ വസതിയായിരുന്നു മെഹെരാംഗീറിന് സമീപമാണ് ജതിയ ഹൗസ് സ്ഥിതിചെയ്യുന്നത്. ഭാഭയുടെ വീടായിരുന്ന ബംഗ്ലാവ് കഴിഞ്ഞവര്‍ഷം ജാംഷെഡ് ഗോദ്‌റെജിന്റെ സഹോദരി ക്രിസ്‌ന 372 കോടിക്കു വാങ്ങിയിരുന്നു. 2011ല്‍ സജ്ജന്‍ ജിന്‍ഡല്‍ നേപീന്‍ സീ റോഡിലെ ബംഗ്ലാവ് നാനൂറു കോടിക്കുവാങ്ങിയതായിരുന്നു ഇതുവരെ മുംബൈയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള വസ്തുക്കൈമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News