മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു ശ്യാമിലിയെവിടെയെന്ന്. സിംഗപ്പൂരിലെ ഉപരിപഠനവും കഴിഞ്ഞ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്ന ശ്യാമിലി വീണ്ടും വരവിനൊരുങ്ങുകയാണ്. മലയാളത്തില്‍ വള്ളീം തെറ്റി പുള്ളീം തെറ്റിയിലും തമിഴില്‍ വിക്രം പ്രഭു നായകനാവുന്ന വീര്‍ ശിവജിയിലും ധനുഷ് നായകനാവുന്ന പുതിയ ചിത്രത്തിലും ശ്യാമിലി നായികയാവുന്നുണ്ട്. ഇടക്കാലത്ത് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ഇതാണ് ശരിയായ രണ്ടാംവരവ്. ശ്യാമിലി ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങള്‍.
തിരിച്ചുവരവിനെക്കുറിച്ച്
കോളജ് പഠനം അവസാനിച്ചപ്പോള്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു. അതേസമയംതന്നെ സിനിമയില്‍ ഉപരിപഠനം നടത്താന്‍ ഒരു സിംഗപ്പൂര്‍ സര്‍വകലാശാലയില്‍ അപേക്ഷയും നല്‍കിയിരുന്നു. സിനിമയുടെ റിലീസ് കഴിഞ്ഞയുടെയാണ് അഡ്മിഷന്‍ കിട്ടിയത്. പഠനവുമായി മുന്നോട്ടു പോകാനായിരുന്നു തീരുമാനം. വളരെ സുരക്ഷിതമായ ചുറ്റുപാടില്‍ വളര്‍ന്ന തനിക്കു തന്റേതായ ഒരിടമുണ്ടെന്നു കണ്ടെത്തണമായിരുന്നു. അതും സിംഗപ്പൂരില്‍ പഠിക്കാന്‍ പോകാന്‍ ഒരു ഘടകമായി. സ്വതന്ത്രയാകാനും ജീവിതം അനുഭവിക്കാനുമായിരുന്നു അത്. അഭിനയിക്കുക എന്നതിനേക്കാള്‍ പഠിക്കുക എന്നതായിരുന്നു പ്രധാനം. ഇപ്പോള്‍ പഠനം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ നല്ല ചില അവസരങ്ങള്‍ ലഭിച്ചു. എന്തുകൊണ്ട് എനിക്കത് പരീക്ഷിച്ചുകൂടായെന്നു തോന്നിയപ്പോള്‍ വീണ്ടും സിനിമയിലേക്കു വരുന്നു.
സംവിധാനവും മനസിലുണ്ട്. ഇപ്പോള്‍ അങ്ങനെ ചെയ്യാനാവുമെന്നു പറയാനാവില്ല. കുറച്ചു വര്‍ഷത്തേക്ക് അഭിനയത്തില്‍ മാത്രമായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. ചേച്ചി ശാലിനിയും ചേച്ചിയുടെ ഭര്‍ത്താവ് നടന്‍ അജിത്തും ഏറെ പിന്തുണ തരുന്നവരാണ്. സിനിമയില്‍ അഭിനയിക്കുന്നതിനെ അജിത് അനുകൂലിച്ചിരുന്നില്ല. ഒരു സഹോദരനെപ്പോലെ എന്നെ അദ്ദേഹം സംരക്ഷിച്ചുപോരുകയായിരുന്നു. പക്ഷേ, ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു. ഒരു ഫോട്ടോഷൂട്ട് വേണ്ടി വന്നപ്പോള്‍ അദ്ദേഹംതന്നെ അത് സജ്ജീകരിച്ചു. അദ്ദേഹംതന്നെ ചിത്രങ്ങളെടുത്തു.
പുതിയ പ്രതീക്ഷകള്‍
കഥകേള്‍ക്കുമ്പോള്‍ പ്രത്യേകതയുള്ളതും തന്റെ മികവു പ്രകടിപ്പിക്കാന്‍ കഴിയുന്നതുമായ റോളിനായാണ് അന്വേഷണം നടത്താറുള്ളത്. അങ്ങനെയാണ് വീര്‍ ശിവജിയും ധനുഷിന്റെ ചിത്രവും തെരഞ്ഞെടുത്തത്. വീര്‍ശിവജി ഒരു റൊമാന്റിക് കോമഡിയാണ്. ധനുഷിന്റേത്് ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രണ്ടിലും വ്യത്യസ്തമായ കഥാപാത്രമാണ് തനിക്കു ലഭിച്ചിരിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങിയശേഷം മാത്രമേ താന്‍ എത്രമാത്രം നന്നായി ചെയ്യും എന്നു മനസിലാകൂ. ഏതൊക്കെ റോളുകള്‍ തനിക്കു ചേരും എന്നു മനസിലാക്കാനും ഷൂട്ടിംഗ് തുടങ്ങം. മോഡേണ്‍ വേഷങ്ങളോട് തുറന്ന സമീപനമാണ്. എന്നാല്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട് അത്ര അനുകൂല നിലപാടില്ല.
ബാലതാരമായാണ് താന്‍ സിനിമയിലെത്തിയത്. സ്‌കൂള്‍ കാലം പക്ഷേ മിസ്സാകാതെ നോക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിന് ശേഷം സിനിമകളില്‍ അഭിനയിക്കാതിരുന്നതിനാല്‍ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനായി. അതുകൊണ്ടുതന്നെ നിരാശയില്ല. ബാലതാരമായുള്ള കാലം എന്നും അഭിമാനം നല്‍കുന്നതാണ്. അഞ്ജലിയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതും സന്തോഷം പകരുന്ന കാര്യമാണ്.
സിംഗപ്പൂര്‍ ജീവിതം
സ്വതന്ത്രമായി ജീവിക്കുക എന്ന സ്വപ്‌നമാണ് മൂന്നുവര്‍ഷത്തെ സിംഗപ്പൂര്‍ ജീവിതത്തിലൂടെ ലഭിച്ചത്. ഒരു വീട് വാടകയ്‌ക്കെടുത്തു. ഒറ്റയ്ക്കു താമസിച്ചു. ഭക്ഷണം പാകം ചെയ്യുകയും വീടു നോക്കുകയും ചെയ്തു. എനിക്കായി എന്റെ സമയം വിനിയോഗിച്ചു. രസകരവും അനുഭവതീവ്രമായിരുന്നു അക്കാലം. വീട്ടുകാരെ കാണാനായി ചെന്നൈയിലേക്കു വന്നിരുന്നു. സിനിമയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ചെയ്തത്. സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു കോഴ്‌സിന്റെ ഉള്ളടക്കം.
Get real time update about this post categories directly on your device, subscribe now.
Discussion about this post