തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ ഗെയിം കളിച്ച പതിനേഴുകാരന് മരിച്ചു; കളി നിര്‍ത്തിയിരുന്നത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം

മോസ്‌കോ: ഊണിനും ഉറക്കത്തിനും മാത്രം സമയം നല്‍കി തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ഗെയിം കളിച്ച പതിനേഴുകാരന്‍ തലച്ചോര്‍ മരവിച്ചു മരിച്ചു. തെക്കന്‍ റഷ്യന്‍ റിപബ്ലിക്കായ ബഷ്‌കോര്‍ട്ടോസ്ഥാനിലെ ഉച്ചലി നഗരത്തിലാണ് സംഭവം. കാലിനു പരുക്കേറ്റതു മൂലം വീട്ടില്‍ കഴിയേണ്ടിവന്ന ഘട്ടത്തിലാണ് റസ്തം എന്ന പതിനേഴുകാരന്‍ 22 ദിവസം കംപ്യൂട്ടര്‍ ഗെയിമിന് അടിമയായത്.

കുറച്ചു നാള്‍ മുമ്പ് കാലില്‍ പരുക്കേറ്റതു മൂലം റസ്തത്തെ ആശുപത്രിയിലാക്കിയിരുന്നു. ആശുപത്രി വാസം കഴിഞ്ഞ് ഓഗസ്റ്റ് എട്ടിനു വിശ്രമത്തിനായി വീട്ടിലേക്കു കൊണ്ടുവന്നു. ഈ സാഹചര്യത്തില്‍ സമയം പോകാനാണ് റസ്തം കംപ്യൂട്ടര്‍ ഗെയിമില്‍ അഭയം തേടിയത്. ഡിഫെന്‍സ് ഓഫ് എന്‍ഷ്യെന്റ്‌സ് എന്ന ഗെയിമാണ് റസ്തത്തെ ആകര്‍ഷിച്ചത്. റസ്തത്തിന്റെ കഥാപാത്രം കളിയില്‍ മരണപ്പെട്ടതു കണ്ടയുടനെയാണ് റസ്തവും മരിച്ചത്.

കഴിഞ്ഞ കുറച്ചുകാലമായി 2000 മണിക്കൂറോളം റസ്തം ഈ ഗെയിം കളിച്ചിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ദിവസവും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യാനെടുത്ത ആറരമണിക്കൂറൊഴികെ മുഴുവന്‍ സമയവും കളിക്കുകയായിരുന്നു. റസ്തത്തിന്റെ മുറിയില്‍നിന്നു മുഴുവന്‍ സമയവും കംപ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിക്കുന്ന ശബ്ദം മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പെട്ടെന്നു ശബ്ദം നിലച്ചപ്പോള്‍ മുറിയില്‍ പോയിനോക്കിയ അവരാണ് റസ്തത്തെ ബോധരഹിതനായി കണ്ടെത്തിയത്.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും റസ്തം മരിച്ചിരുന്നു. എവിടേക്കും അനങ്ങാതെ ഇരിക്കുന്നതു മൂലം ഉണ്ടാകുന്ന ത്രോംബോസിസാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. റസ്തത്തിന്റെ മരണം എല്ലാ മാതാപിതാക്കള്‍ക്കുമുള്ള മുന്നറിയപ്പാണെന്നു ബാലാവകാശ ഓംബുഡ്‌സ്മാന്‍ പാവേല്‍ അസ്താഖോവ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ 19 മണിക്കൂര്‍ തുടര്‍ച്ചയായി വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ് എന്ന കംപ്യൂട്ടര്‍ ഗെയിം കളിച്ച ചൈനക്കാരന്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel