വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ സഹോദരി വീനസ് വില്യംസിനെ തോല്‍പിച്ചാണ് സെറീന സെമിയിലെത്തിയത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീനയുടെ ജയം. സ്‌കോര്‍ 6-1, 1-6, 6-3. ഇതോടെ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം എന്ന ലക്ഷ്യത്തിലേക്ക് സെറീന ഒരുചുവട് കൂടി അടുത്തു. സ്‌റ്റെഫി ഗ്രാഫിന് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം എന്ന ലക്ഷ്യമാണ് സെറീനയ്ക്കുള്ളത്.
ഒരു മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു സെറീനയുടെ ജയം. ആദ്യ സെറ്റ് അനായാസം സെറീന സ്വന്തമാക്കിയിരുന്നു. തിരിച്ചടിക്കാന്‍ ഒരു പഴുതുപോലും സഹോദരിക്ക് നല്‍കാതെയായിരുന്നു ആദ്യ സെറ്റ് സെറീന കരസ്ഥമാക്കിയത്. രണ്ടാം സെറ്റില്‍ വീനസ് അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ 6-1ന് രണ്ടാം സെറ്റ് വീനസ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ വാശിയോടെ പോരാടുകയായിരുന്നു ഇരുവരും. സെറീനയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് വീനസ് കീഴടങ്ങിയത്. കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here