എസ്‌ഐയാവാന്‍ അര്‍ദ്ധരാത്രി പരീക്ഷയെഴുതണം; പിഎസ്‌സിയുടെ എസ്എംഎസ് കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി; ഹാള്‍ടിക്കറ്റില്‍ തെറ്റ് തിരുത്തി പിഎസ്‌സി

തിരുവനന്തപുരം: എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി. പരീക്ഷ ശനിയാഴ്ച അര്‍ദ്ധ രാത്രി ഒന്ന് മുപ്പതിന്. എസ്എംഎസ് തയ്യാറാക്കിയപ്പോള്‍ വന്ന ചെറിയ പിഴവാണ് ഉച്ചയ്ക്ക നടക്കേണ്ട പരീക്ഷ അര്‍ദ്ധരാത്രിയില്‍ ആയത്. 1.30പിഎം എന്നതിന് പകരം 1.30എഎം എന്നാണ് സന്ദേശത്തില്‍ രേഖപ്പെടുത്തിയിരുന്നത്. പരീക്ഷ തീയതിയും സമയവും നേരത്തെ പ്രഖ്യാപിച്ചിരുന്നതായതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഞെട്ടല്‍ പിന്നെ തമാശയായി മാറി.

എസ്എംഎസില്‍ വന്ന നിസാര പിഴവ് പക്ഷേ അഡ്മിഷന്‍ ടിക്കറ്റില്‍ നിന്ന് ഒഴിവാക്കാന്‍ പിഎസ്‌സി ശ്രദ്ധിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 12 തസ്തികയിലേക്കാണ് പിഎസ്‌സി ശനിയാഴ്ച എഴുത്തുപരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് ഒന്നര മുതലാണ് പരീക്ഷ. 3.15 വരെ നീളുന്ന പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലാണ്. പരീക്ഷാ സമയത്തിന് അര മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ കടക്കാത്തവര്‍ക്ക് പണി കിട്ടും. പരീക്ഷാ കേന്ദ്രത്തിന്റെ വാതില്‍ കൃത്യ സമയത്ത് തന്നെ അടയ്ക്കാന്‍ പിഎസ്‌സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ കൃത്യസമയത്തിന് മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ എത്താനാകും ഉദ്യോഗാര്‍ത്ഥികളുടെ ശ്രമം.

പതിനായിരക്കണക്കിന് പേരാണ് ഇത്തവണ എസ്‌ഐ പരീക്ഷ എഴുതുന്നത്. പൊലീസിനൊപ്പം എക്‌സൈസ്, ജയില്‍ വകുപ്പുകളിലേക്കും ഒറ്റ പരീക്ഷ വഴിയാണ് റാങ്ക് ലിസ്റ്റും നിയമനവും. സബ്ബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍, സബ്ജയില്‍ സൂപ്രണ്ട് തുടങ്ങി 12 തസ്തികകളിലേക്കുള്ള നിയമനമാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News