മഞ്ജുവാര്യര്‍ എവിടത്തുകാരിയാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കയാളുകളും തൃശൂര്‍ സ്വദേശിനിയെന്നു എടുത്തടിച്ചു പറയും. ശരിയാണ്, തൃശൂരിലെ പുള്ള് ഗ്രാമത്തെക്കുറിച്ചു മഞ്ജു പറയാത്ത അഭിമുഖങ്ങളില്ല. എന്നാല്‍, നടി ജനിച്ചത് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലായിരുന്നു. പിതാവ് മാധവന്‍ വാര്യര്‍ കുടുംബസമേതം ജോലി ആവശ്യാര്‍ഥം നാഗര്‍കോവിലില്‍ കഴിഞ്ഞകാലത്താണ് മഞ്ജു ജനിച്ചത്. സുന്ദരം ഫിനാന്‍സിലെ നാഗര്‍കോവില്‍ ഓഫീസിലാണ് മാധവന്‍ വാര്യര്‍ ജോലി ചെയ്തിരുന്നത്. 1979 നവംബര്‍ ഒന്നിനായിരുന്നു മഞ്ജുവിന്റെ ജനനം.
പിന്നീട് മാധവന്‍ വാര്യര്‍ക്കു കണ്ണൂരേക്കു സ്ഥലം മാറ്റമായി. അങ്ങനെ കണ്ണൂരിലെത്തിയ മഞ്ജു പഠിച്ചത് ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും. കണ്ണൂര്‍ എസ് എന്‍ കോളജില്‍നിന്നു ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മികച്ച നര്‍ത്തകിയെന്ന പേരു സ്വന്തമാക്കി. രണ്ടു തവണ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം ചൂടി. കൗമാരകാലത്തേ നൃത്തവേദിയില്‍ തിളങ്ങിയെങ്കിലും കുച്ചിപ്പുടി പഠിച്ചത് 2012 ല്‍ മാത്രമാണ്. മകള്‍ മീനാക്ഷിയുടെ നൃത്താധ്യാപിക ഗീതാ പദ്മകുമാറാണ് മഞ്ജുവിന് കുച്ചിപ്പുടിച്ചുവടുകള്‍ പകര്‍ന്നു നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ആദ്യ കുച്ചിപ്പുടി അവതരണം.
പതിനേഴാം വയസില്‍ സാക്ഷ്യത്തിലൂടെയാണ് സിനിമാ പ്രവേശം. 1996-ലാണ് മഞ്ജു വാര്യരെ ഹിറ്റാക്കിയ സല്ലാപം പുറത്തുവന്നത്. നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നു പിന്‍വാങ്ങി. മഞ്ജുവിന്റെ വിവാഹമോചനവും വലിയ വാര്‍ത്തകളായിരുന്നു. വിവാഹമോചനസമയത്തുതന്നെ മഞ്ജു സിനിമയിലേക്കു തിരിച്ചുവരികയും ചെയ്തു. 2013-ല്‍ എഴുത്തുകാരിയായും മഞ്ജു ശ്രദ്ധേയയായി. ഓര്‍മക്കുറിപ്പുകളുടെ സമാഹാരം സല്ലാപം എന്നപേരിലാണ് മഞ്ജു പുറത്തിറക്കിയത്. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് അവതാരിക എഴുതിയത്.
വിവിധ വേഷങ്ങളിലൂടെയാണ് മഞ്ജു മലയാളികളുടെ അടുത്തവീട്ടിലെ കുട്ടിയായത്. 1998-ല്‍ വേണു സംവിധാനം ചെയ്ത ദയ എന്ന പെണ്‍കുട്ടിയിലെ മഞ്ജു ചെയ്ത ആണ്‍വേഷം ഏറെ ശ്രദ്ധേയമായിരുന്നു. എം ടി വാസുദേവന്‍നായരാണ് തിരക്കഥ ഒരുക്കിയത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് മഞ്ജു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. സംസ്ഥാനതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ വിവിധ സിനിമകളിലൂടെ നേടി.
സിനിമാ മേഖലയില്‍ വിപുലമായ സൗഹൃദത്തിന് ഉടമയാണ് മഞ്ജു വാര്യര്‍. ഗീതു മോഹന്‍ദാസ്, ഭാവന, ശ്വേത മേനോന്‍, ഭാവന, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവിന്റെ പ്രിയ കൂട്ടുകാര്‍. വിവാഹമോചനവും അതുമായുണ്ടായ വിവാദങ്ങളും ഒക്കെ വന്നപ്പോഴും സുഹൃത്തുക്കളായിരുന്നു മഞ്ജുവിന് ശക്തി പകര്‍ന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here