പാകിസ്താനില്‍ 24 മണിക്കൂറിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 2 മാധ്യമപ്രവര്‍ത്തകര്‍; മരിച്ചവരിലൊരാള്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അഫ്താബ് ആലം

കറാച്ചി: പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ അഫ്താബ് ആലമാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മുഖത്തേറ്റ വെടിയാണ് അഫ്താബിന്റെ മരണകാരണം. പാകിസ്താനില്‍ 24 മണിക്കൂറിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ രണ്ടാമത്തെ ആക്രമണമാണിത്.

ഉത്തര കറാച്ചിയിലെ 11- സി ഏരിയയിലുള്ള വീടിന് മുന്നില്‍ വച്ചാണ് അക്രമി അഫ്താബിനെ വെടിവെച്ചു കൊന്നത്. കുട്ടികളെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനായി പുറപ്പെടാന്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേരാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അഫിതാബിനെ ഉടന്‍ തന്നെ കറാച്ചിയിലെ അബ്ബാസി ഷഹീദ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെ മെഡിക്കോ- ലീഗല്‍ ഓഫീസര്‍ ആണ് അഫ്താബിന്റെ മരണം സ്ഥിരീകരിച്ചത്.

അഫ്താബ് ആലത്തിനെതിരായ ആക്രമണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ജിയോ ടിവിയുടെ വാഹനം ആക്രമിച്ചത്. ബഹദുരാബാദില്‍ ജിയോ ടിവിയുടെ ഡിഎസ്എന്‍ജി വാഹനത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സാറ്റലൈറ്റ് എഞ്ചിനീയര്‍ അര്‍ഷദ് അലി ജിഫ്രി ആണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ഡിഎസ്എന്‍ജി വാഹനത്തിന്റെ ഡ്രൈവര്‍ അനീസിന് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആക്രമണം. അര്‍ഷദ് അലി ജിഫ്രിയുടെ മൃതദേഹം കറാച്ചിയിലെ മോഡല്‍ ടൗണ്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അഫ്താബിന്റെ കൊലപാതകത്തിന് പിന്നില്‍ ആദ്യ ആക്രമണം നടത്തിയവരുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അഫ്താബിന് ശത്രുക്കള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടില്ല. നേരത്തെ ഏതെങ്കിലും രീതിയിലുള്ള ഭീഷണി നിലവിലുള്ളതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel