ഗോകുലുമായി പ്രണയത്തിലായിരുന്നെന്നു സുഹൃത്തിന്റെ ഭാര്യ; ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭര്‍ത്താവിനെ ചതിച്ചെന്നു മൊഴി; ദുരൂഹതകള്‍ ചുരുളഴിയുന്നു

gokul

ബംഗളുരു: മലയാളിയായ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ എം ജി ഗോകുല്‍ ഭാര്യയെ കൊന്നതു കാമുകിയെ സ്വന്തമാക്കാന്‍തന്നെയെന്നു വ്യക്തമായി. ഗോകുല്‍ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു ഭര്‍ത്താവ് സാജു ജോസിന്റെ ഭാര്യ പൊലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സിലറോടു പറഞ്ഞു. ഇതോടെ, ഐസ് ഭീകരനായി ചിത്രീകരിച്ചു യുവാവിനെ കുടുക്കാന്‍ മലയാളി നടത്തിയ ശ്രമത്തിന്റെ ദുരൂഹതയഴിഞ്ഞു.

ഗോകുലിന്റെ സുഹൃത്തായ സാജുവിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ഗോകുല്‍ നടത്തിയ നാടകമായിരുന്നു ബംഗളുരു, ദില്ലി വിമാനത്താവളങ്ങളിലേക്ക് അയച്ച വ്യാജ ഭീഷണി സന്ദേശങ്ങളെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. സാജുവിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സ്വന്തം ഭാര്യയെ ഗോകുല്‍ കൊന്നതായും വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ സാജുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നതോടെ സിനിമാക്കഥയേക്കാള്‍ വെല്ലുന്ന ആസൂത്രിത കഥയാണ് പുറത്തുവരുന്നത്.

സാജുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ഗോകുല്‍ എനിക്കുവേണ്ടി കുറെ റിസ്‌ക് എടുത്തിട്ടുള്ളയാളാണ്. ഞാനായിട്ട് ചതിക്കാന്‍ ആഗ്രഹിക്കുന്നില്ലായിരുന്നു. ഗോകുലിന്റെ മകളെ ഞാന്‍ എന്റെ മകള്‍ക്കൊപ്പം വളര്‍ത്തും. ഗോകുലിന്റെ ഭാര്യ അനുരാധ മരിച്ചശേഷം മകള്‍ എന്റെ കൂടെയാണ്. ഗോകുല്‍ പുറത്തുവന്നാല്‍ ഗോകുലിനെ ഞാനെന്റെ പങ്കാളിയായി സ്വീകരിക്കും.

സ്‌കൂളിലും കോളജിലും ഒന്നിച്ചു പഠിച്ച ഗോകുലും സാജുവിന്റെ ഭാര്യയും അന്നേ കടുത്ത പ്രണയത്തിലായിരുന്നു. രണ്ടു മതസ്ഥരായതുകൊണ്ടു വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു. അതിനിടയില്‍ ഗോകുലിനു ജോലിയായി. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു അവരും ബംഗളുരുവിലെത്തിയതോടെ പ്രണയം വീണ്ടും തളിര്‍ത്തു. സാജുവിനെ ഗോകുലിന്റെ സുഹൃത്താക്കിയത് ഈ പെണ്‍കുട്ടിയായിരുന്നു.

കഴിഞ്ഞദിവസം വിമാനത്താവളങ്ങളിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ സാജൂവിനെ പൊലീസ് ആദ്യം സംശയിക്കുകയും പിന്നീട് ഗോകുലിനെ പിടികൂടുകയുമായിരുന്നു. സാജൂവിന്റെ തിരിച്ചറിയല്‍ രേഖകള്‍ എങ്ങനെ ഗോകുലിന്റെ കൈയിലെത്തിയെന്നതിനക്കുറിച്ചുള്ള അന്വേഷണത്തില്‍ സാജൂവിന്റെ ഭാര്യ ആദ്യം മുതലേ സംശയനിഴലിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗോകുല്‍ തന്നെ ഈ യുവതിയുടെ പങ്കു വെളിപ്പെടുത്തുകയായിരുന്നു. സാജുവുമായി വിവാഹം ചെയ്ത് ഒരു വര്‍ഷത്തിനകം തന്നെ താന്‍ വിവാഹമോചനം നേടാന്‍ തയാറായിരുന്നെന്നും പിന്നീടു പൊലീസ് നടത്തിയ കൗണ്‍സിലിംഗില്‍ ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

2011 മുതല്‍ സാജുവിനെയും ഗോകുലിന്റെ ഭാര്യ അനുരാധയെയും ഇല്ലാതാക്കാനുള്ള ആലോചനയിലായിരുന്നു ഗോകുലും യുവതിയും. അതിന്റെ തുടര്‍ച്ചയായിരുന്നു അനുരാധയുടെ മരണം. അയല്‍വാസികളെന്ന നിലയില്‍ ഗോകുലും സാജുവിന്റെ ഭാര്യയും അടുത്തിടപഴകിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലാതിരുന്ന സാജു ഇവരുടെ അടുത്തിടപഴകലിനെ എതിര്‍ത്തതുമില്ല. ഗോകുലുമായി ഒരുമിക്കാന്‍ ശ്രമിക്കുമ്പോഴും സാജുവുമായി ഒരു പ്രശ്‌നത്തിനും പോകാതെ യുവതി ശ്രദ്ധിച്ചിരുന്നെന്നും ആസൂത്രിതമായ നീക്കമാണ് ഇരുവരും നടത്തിയതെന്നും പൊലീസ് പറഞ്ഞു.

അനുബന്ധമായി വായിക്കാന്‍

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

ഭാര്യയെ കൊല്ലാന്‍ ഗോകുല്‍ കാട്ടിക്കൂട്ടിയത് ഹൈടെക് തന്ത്രങ്ങള്‍; സുഹൃത്തിന്റെ ഭാര്യ ഗോകുലിന്റെ എന്‍ജിനീയറിംഗ് സഹപാഠി; ചുരുളഴിയാന്‍ ദുരൂഹത ഇനിയും ബാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here