ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഷിക്കാഗോ: ബിന്‍ലാദനോട് രൂപസാദൃശ്യമുണ്ടായതിന്റെ പേരില്‍ മുതിര്‍ന്ന സിഖ് വംശജനെ അമേരിക്കയില്‍ മര്‍ദിച്ചവശനാക്കി. ഷിക്കാഗോയിലാണ് സംഭവം. ഇന്ദര്‍ജിത് സിംഗ് മുക്കെറാണ് മര്‍ദനത്തിനിരയായത്. ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.

ഏറെക്കാലമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ദര്‍ജിത്തിനു യുഎസ് പൗരത്വവുമുണ്ട്. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഒരു കൂട്ടം ആളുകള്‍ ഇന്ദര്‍ജിത്തിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കി ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ഇന്ദര്‍ജിത്ത് ബോധരഹിതനായി. താടിയെല്ല് മര്‍ദനത്തില്‍ ഒടിയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സിഖുകാരനായതിനാല്‍ വംശീയ ആക്രമണമാണോ ഉണ്ടായതെന്നു പരിശോധിച്ചുവരികയാണെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ സന്ദീപ് സിംഗ് എന്ന സിഖ് വംശജനെ തീവ്രവാദിയെന്നു വിളിച്ചു റോഡിലൂടെ വലിച്ചിഴച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here