പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍; ജെ മഞ്ജുള സ്ഥാനമേറ്റു

ബംഗളുരു: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു. ഇലക്ട്രോണിക് ആന്റ് കമ്യൂണിക്കേഷന്‍സ് സിസ്റ്റം ക്ലസ്റ്ററിന്റെ മേധാവിയായാണ് ചുമതലയേറ്റത്. പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ മികച്ച ശാസ്ത്രജ്ഞ കൂടിയാണ് ജെ മഞ്ജുള. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഡിജി ആയി ചുമതലയേറ്റത്.

വളരെ ഉത്തരവാദിത്തമുള്ള ചുമതലയാണിത്. വലിയ അവസരമാണ് ഡിആര്‍ഡിഒ നല്‍കിയത്. കൂടുതല്‍ വനിതകള്‍ക്ക് ശാസ്ത്ര രംഗത്തേക്ക് കടന്നുവരാന്‍ ഈ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും ജെ മഞ്ജുള പ്രതികരിച്ചു. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേധാവിയാണ് നിലവില്‍ ജെ മഞ്ജുള. ഒരുവര്‍ഷത്തിലധികം ഡിഎആര്‍ഇയുടെ ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ഡആര്‍ഡിഒയുടെ തലപ്പത്തേക്ക് എത്തുന്നത്.

കര, നാവിക, വ്യോമസേനകള്‍ക്ക് സഹായകരമായ വിവിധ ആധുനിക ഉപകരണങ്ങള്‍ ജെ മഞ്ജുള വികസിപ്പിച്ചിട്ടുണ്ട്. അതിവേഗത്തില്‍ സിഗ്നല്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനവും ഹൈ പവ്വര്‍ ആര്‍എഫ് സിസ്റ്റം, റെസ്‌പോണ്‍സീവ് ജാമറുകള്‍, കണ്‍ട്രോളിംഗ് സോഫ്റ്റ് വെയറുകള്‍ എന്നിവയും ജെ മഞ്ജുളയുടെ സംഭാവനയാണ്. 2011ല്‍ ഡിആര്‍ഡിഒയുടെ മികച്ച പ്രതിരോധ ശാസ്ത്രജ്ഞ കൂടിയായിരുന്നു ഇവര്‍.

രാജ്യത്തിന്റെ അഭിമാനമായ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ ഘടനയില്‍ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഡയറക്ടര്‍ ജനറല്‍. നിലവില്‍ വിവിധ വിഭാഗങ്ങളിലായി ഏഴ് ഡയറക്ടര്‍മാരാണ് സ്ഥാപനത്തിനുള്ളത്. ഇതില്‍ ആദ്യവനിതാ ഡയറക്ടറാണ് ജെ മഞ്ജുള. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകാലാശാലയില്‍ നിന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹൈദരാബാദിലെ ഡിഫന്‍സ് ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ വിഭാഗത്തില്‍ 26 വര്‍ഷം സേവനമനുഷ്ഠിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News