ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മരുന്ന് വിപണിയിലിറക്കി ഇന്ത്യ

ബംഗളുരു/ക്വീന്‍സ്‌ലാന്‍ഡ്: ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതും പുതുമയുള്ള കാര്യമല്ല. മറ്റേതൊരു രോഗത്തെയും പോലെ സാധാരണ രോഗമാണ് ഡെങ്കിപ്പനി. മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ എളുപ്പം തകര്‍ക്കാന്‍ കഴിയുന്ന വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പ്രത്യേക ചികിത്സാ സംവിധാനം ഇതുവരെ പ്രചരിച്ചു തുടങ്ങിയിട്ടുമില്ല.

ഡെങ്കിപ്പനിക്ക് വൈദ്യശാസ്ത്രത്തില്‍ പ്രതിവിധിയില്ലെന്ന് കരുതാന്‍ വരട്ടെ. ആശ്വാസത്തിന് വകയുണ്ട്. ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ വികസിപ്പിച്ചുകഴിഞ്ഞു. ബംഗളുരുവിലെ മൈക്രോലാബും ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയുമാണ് പ്രതിവിധി കണ്ടെത്തിയത്.

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. പ്രതിരോധ മരുന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങിക്കഴിഞ്ഞു. കേന്ദ്ര ആയുഷ് വകുപ്പിന്റെ അനുമതിക്ക് ശേഷമാണ് മരുന്ന് വിപണിയിലെത്തിയത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന അവസ്ഥ പരിഹരിക്കാന്‍ കഴിയുന്ന മരുന്നാണ് ബംഗളുരുവിലെ വിപി മെഡിക്കല്‍ സര്‍വീസ് മൈക്രോലാബ് പുറത്തിറക്കിയത്. ഡെങ്കി വൈറസ് ബാധിച്ച രോഗികളുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വളരെ വേഗം താഴും. ഇത് രോഗിയുടെ ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിക്കും.

നമ്മുടെ സ്വന്തം പപ്പായയില്‍ നിന്ന് വേര്‍തിരിച്ചെടുത്തതാണ് മരുന്നിന്റെ കൂട്ട്. പപ്പായയുടെ തളിരിലയുടെ സത്തയില്‍ നിന്ന് വേര്‍തിരിച്ചെടുത്താണ് മരുന്ന നിര്‍മ്മിച്ചത്. ഏറെ ഫലപ്രദമായ മരുന്നായതിനാല്‍ രക്തം നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ടാബ്‌ലറ്റ് ഒന്നിന് 25 രൂപയാണ് വില്‍പ്പന വില. കാരിപില്‍ ഇനത്തിലുള്ള ടാബ്‌ലറ്റ് ഇതിനകം രോഗികള്‍ക്ക് നല്‍കിത്തുടങ്ങി.

ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ ഗവേഷണത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. ശരീരത്തെ വിഷലിപ്തമാക്കുന്ന എന്‍എസ് വണ്‍ ഇനത്തില്‍പ്പെടുന്ന ഡെങ്കി വൈറസിനെ പ്രതിരോധിക്കാനാകുന്നതാണ് പുതിയ മരുന്ന്. വൈറസ് ബാധിച്ച കോശങ്ങളിലെ അണു ബാധയില്‍ നിന്ന മുക്തമാക്കാന്‍ കഴിയുമെന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാന വസ്തുത. ഇതിന്റെ തുടര്‍പരീക്ഷണങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍വകലാശാല ഗവേഷകരുടെ പ്രതീക്ഷ. വൈദ്യ ശാസ്ത്ര ജേര്‍ണലായ സയന്‍സ് ട്രാന്‍സിഷണല്‍ മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here