ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി; പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസ് കോടതി തള്ളി. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിചാരണ പോലുമില്ലാതെ കേസ് തള്ളിയത്. കേസിലുള്‍പ്പെട്ട പതിനാല് പേരെയും കോടതി കുറ്റവിമുക്തരാക്കി.

ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസാണ് കോഴിക്കോട് അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്‍പ്പെട്ട പതിനാല് പേര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ പരിഗണിച്ച് കേസ് തള്ളിയ കോടതി പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരെ പൂര്‍ണ്ണമായും കുറ്റവിമുക്തരാക്കി. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ പാര്‍ടി ഓഫീസിനകത്ത് ആയുധങ്ങള്‍ ശേഖരിച്ച് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.

കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ശക്തമായ സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നില്ല. കുറ്റപത്രവും കോടതിയില്‍ ഹാജരാക്കിയ രേഖകളും സാക്ഷിമൊഴികളുമെല്ലാം വിശദമായി പരിശോധിച്ചാല്‍ കേസ് നിലനില്‍ക്കില്ലെന്ന കാര്യം കോടതിക്ക് ബോധ്യപ്പെടുമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ പ്രധാന വാദം. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫോണ്‍ രേഖകളോ മറ്റ് തെളിവുകളോ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. മതിയായ തെളിവുകള്‍ പോലുമില്ലാതെ വൃഥാ ശ്രമമാണ് കോടതിക്കു മുന്നില്‍ പ്രോസിക്യൂഷന്‍ നടത്തുന്നതെന്ന് കേസ് തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു.

കോടതി ഉത്തരവ് പരിശോധിച്ച് കേസീല്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് കുമാരന്‍കുട്ടി പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസുകളുണ്ടാക്കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഗൂഢാലോചനക്കേസ് വിചാരണ പോലും കൂടാതെ കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here