ചേരികള്‍ നിര്‍മിച്ചു; അനാഥാലയങ്ങളിലെ കുട്ടികളെ കൊള്ളക്കാരാക്കി കൂടെക്കൂട്ടി; കരിമ എന്ന 45കാരി മുംബൈയിലെ മാഫിയാ റാണി

മുംബൈ: ചേരിക്കുടിലുകള്‍നിര്‍മിച്ചു തുടങ്ങി കരിമയെന്ന നാല്‍പത്തഞ്ചുവയസുകാരി ആറു വര്‍ഷം കൊണ്ടു വളര്‍ന്നത് മുംബൈയിലെ മാഫിയാറാണിയെന്ന നിലയിലേക്ക്. ഓഗസ്റ്റ് 25ന് പൊലീസ് തന്ത്രപരമായി വലയിലാക്കിയ കരിമ മുജീബ് ഷായുടെ വളര്‍ച്ചയും സമ്പാദ്യവും കണ്ടു പൊലീസ് ഞെട്ടുകയാണ്. വളരെ തന്ത്രപരമായാണ് ആറുവര്‍ഷമായി ആര്‍ക്കും സംശയം നല്‍കാത്തവിധം, എന്നാല്‍ കുട്ടികളെയടക്കം ദത്തെടുത്തു കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും കരിമ നേതൃത്വം നല്‍കിയിരുന്നത്.

ആറുമാസം മുമ്പ് കരിമയുടെ ഒരു സഹായി അറസ്റ്റിലായപ്പോള്‍ മാത്രമാണ് ഘാട്‌കോപ്പറിലെ നിരവധി കുറ്റകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇവരെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഇവരെ പൊലീസ് ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലും തുടരന്വേഷണത്തിലും കിട്ടിയ വിവരങ്ങള്‍ പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു.

നാലാം ക്ലാസ് വരെ മാത്രം പഠിച്ച കരിമയുടെ വളര്‍ച്ച ആരെയും ഞെട്ടിക്കുന്നതു തന്നെയായിരുന്നു. ഘാട്‌കോപ്പര്‍ മേഖലയിലെ ചേരിക്കുടിലുകള്‍ നിര്‍മിക്കുന്ന അനധികൃത കരാറുകാരിയായാണ് കരിമ ജോലി തുടങ്ങിയത്. ചേരികളില്‍ കരിമയുടെ സ്വാധീനവും അതേപോലെതന്നെ ശത്രുക്കളും വര്‍ധിച്ചു. ആക്രിക്കച്ചവടക്കാരനായ ഭര്‍ത്താവും കരിമയും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് ഒരാളെ നിയോഗിച്ചു. ലോക്കല്‍ ഗുണ്ടയായിരുന്ന സന്‍ബാബു പണിക്കര്‍ അങ്ങനെ ഇരുവരുടെയും അംഗരക്ഷകനായി.

സന്‍ബാബുവിനൊപ്പം ചിലര്‍കൂടി സംഘത്തില്‍ ചേര്‍ന്നതോടെ കരിമയുടെ മാഫിയ ശക്തമായി. ആഡംബരജീവിതമായിരുന്നു ഇവര്‍ക്കു കരിമ നല്‍കിയിരുന്നത്. മാഫിയയായി വളരാന്‍ തുടങ്ങിയതോടെ കരിമയെ നാട്ടുകാര്‍ക്കു പേടിയായി. മുത്തചേച്ചി എന്ന അര്‍ഥം വരുന്ന ആപാ എന്നായി നാട്ടുകാര്‍ ഇവരെ വിളിക്കുന്നത്. നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും കരിമ തുടങ്ങി.

കാമരാജ് നഗറിലെ വീട്ടില്‍ പിന്നെ നാട്ടിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ആളുകളെത്തിത്തുടങ്ങി. സിംഹാസന തുല്യമായ കസേരയിലിരിക്കുന്ന കരിമയെ നാട്ടുകാര്‍ ആദരവോടെയും പേടിയോടെയും നോക്കിത്തുടങ്ങി. നാട്ടുകാര്‍ കോടതികളെക്കാളും കരിമയെ ഇത്തരം കാര്യങ്ങള്‍ക്കു പരിഗണിച്ചു തുടങ്ങി.

ഇതോടു കൂടി കരിമ സംഘത്തിലേക്ക് ആളെക്കൂട്ടാന്‍ തുടങ്ങി. പ്രദേശത്തെ ചില അനാഥാലയങ്ങളുടെ ചുമതല ഏറ്റെടുക്കുകയാണ് ആദ്യം ചെയ്തത്. കുട്ടികള്‍ക്ക് ഭക്ഷണവും താമസവും നല്‍കി. ഈ കുട്ടികളെ കൊള്ളനടത്താന്‍ കരിമ ഉപയോഗിക്കുകയും ചെയ്തു. കിട്ടുന്ന പണം സംഘാംഗങ്ങള്‍ക്കെല്ലാം വീതിച്ചു നല്‍കും. പതുക്കെ പതുക്കെ കരിമയുടെ സംഘത്തിലെ അംഗങ്ങളുടെ എണ്ണം അമ്പതായി. ഘാട്‌കോപ്പറില്‍നിന്നു മുംബൈയുടെ വിവിധ ഭാഗങ്ങളിലേക്കു മാഫിയാ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

അറസ്റ്റിലായി രണ്ടാഴ്ചക്കുള്ളില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കരിമയിലും സംഘാംഗങ്ങളില്‍നിന്നും നാല്‍പതു ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കാമരാജ്‌നഗറില്‍ അമ്പതോളം ചേരിക്കുടിലുകളും നാലു ഫഌറ്റുകളും കരിമ സ്വന്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. പന്ത്രണ്ട് ഇന്നോവാ കാറുകളുടെ വ്യൂഹവുമായാണ് കരിമ സഞ്ചരിച്ചിരുന്നത്.

സംഘത്തിലെ ഓരോരുത്തര്‍ക്കും മാലപൊട്ടിക്കല്‍, കൊള്ള, പിടിച്ചുപറി എന്നിങ്ങനെ ചുമതലുകളും വീതിച്ചു നല്‍കിയിരുന്നു. ചുമതലകള്‍ക്ക് അനുസരിച്ച് സംഘത്തിലുള്ളവര്‍ക്കും വാഹനങ്ങളുമുണ്ടായിരുന്നു. വീടുകള്‍ പൂട്ടി ആളുകള്‍ പോകുന്നത് യഥാസമയം അറിയിക്കാന്‍ ആളുകളെയും കരിമ നിയോഗിച്ചിരുന്നു.

ഒരു കവര്‍ച്ച നടത്താന്‍ സംഘാംഗമായ സതീഷ് ബോണ്ടിയ പോകുമ്പോള്‍ അറസ്റ്റിലായപ്പോഴാണ് കരിമയെക്കുറിച്ചു പൊലീസ് അറിഞ്ഞതു തന്നെ. അതിനിടയില്‍ ആറുവര്‍ഷക്കാലം കൊണ്ടു നിരവധി കൊള്ളകളിലും കവര്‍ച്ചകളിലുമായി വമ്പന്‍ സമ്പാദ്യം അവര്‍ സ്വന്തമാക്കിയിരുന്നു. പൊലീസ് പലവട്ടം ശ്രമിച്ചിട്ടും കരിമയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കരിമയുടെ താവളങ്ങളില്‍ നിയോഗിച്ചിരുന്ന നിരീക്ഷകര്‍ സംശയമുള്ളവരോ പൊലീസോ പരിസരപ്രദേശത്തെത്തിയാല്‍ വിവരം നല്‍കും. അതുവഴി അവര്‍ രക്ഷപ്പെടുകയായിരുന്നു പതിവ്.

രണ്ടു സംഘാംഗങ്ങള്‍ പൊലീസ് പിടിയിലായതാണ് കരിമയിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഇവരെ ജാമ്യത്തിലെടുക്കാന്‍ കരിമ നേരിട്ടുവന്നേക്കുമെന്ന സൂചയുടെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ കാത്തുനിന്നു. അവിടെവച്ചായിരുന്നു അറസ്റ്റ്. പൊലീസ് സ്റ്റേഷനില്‍വച്ചു ഫിനൈല്‍ കുടിച്ച് ജീവനൊടുക്കാനും കരിമ ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News