ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം; നടപ്പാക്കാന്‍ സോണല്‍ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം

ദില്ലി: റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. യാത്ര സുരക്ഷിതമാക്കാനും യാത്രക്കാരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയില്‍വേ മന്ത്രാലയം പുതിയ പത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ദീര്‍ഘദൂര യാത്രികരെ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. സോണല്‍ റെയില്‍വേകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ ഇവയാണ്.

  • ട്രെയിനില്‍ വെയിറ്റര്‍മാര്‍ക്ക് ടിപ്പ് നല്‍കരുത്. വെയിറ്റര്‍മാര്‍ ടിപ്പ് ആവശ്യപ്പെട്ടാല്‍ ട്രെയിനിലെ ടിക്കറ്റ് ചെക്കിംഗ് ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കണം.
  • ട്രെയിനില്‍ പുകവലിക്കരുത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കും.
  • ട്രെയിന്‍ വ്യത്തിയായി സൂക്ഷിക്കുന്നതിന് റെയില്‍വെയ്‌ക്കൊപ്പം യാത്രക്കാര്‍ സഹകരിക്കണം.
  • ട്രെയിനില്‍ നിന്ന് നല്‍കുന്ന വെള്ളക്കുപ്പികള്‍ ഉപയോഗിച്ച് വേസ്റ്റ് ബോക്‌സുകളില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് നശിപ്പിക്കണം.
  • യാത്രയ്ക്കിടയില്‍ ഏത് നിമിഷവുമുള്ള ശുചീകരണത്തിന് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള സാഹചര്യത്തില്‍ ഓണ്‍ ബോര്‍ഡ് ഹൗസ്‌കീപ്പിംഗ് ജീവനക്കാരുടെ സേവനം ആവശ്യപ്പെടണം.
  • ഏതെങ്കിലും വ്യക്തി ട്രെയിനോ റെയില്‍വെ അനുബന്ധ ഇടങ്ങളോ വൃത്തിഹീനമാക്കാന്‍ ശ്രമിച്ചാല്‍ റെയില്‍വേ നിയമപ്രകാരം 500 രൂപ വരെ പിഴ ഈടാക്കും.
  • അപരിചിതരായ വ്യക്തികളില്‍ നിന്ന് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെയുള്ളവ സ്വീകരിക്കരുത്. ഇത്തരത്തില്‍ സ്വീകരിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.
  • ട്രെയിനുകളിലെ എമര്‍ജന്‍സി എക്‌സിറ്റ് വിന്‍ഡോകള്‍ അവശ്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം ഉപയോഗിക്കുക. മതിയായ കാരണങ്ങളില്ലാതെ എമര്‍ജന്‍സി വിന്‍ഡോകള്‍ തുറക്കാന്‍ ശ്രമിക്കരുത്.
  • ട്രെയിനിലെ യാത്രയ്ക്കിടയിലുള്ള പരാതികള്‍ക്ക് 138 എന്ന നമ്പറില്‍ വിളിക്കണം. ട്രെയിന്‍, യാത്ര വിവരങ്ങള്‍ക്കായി 139 ഉപയോഗിക്കണം. സുരക്ഷ സംബന്ധിച്ച പരാതികളുണ്ടായാല്‍ 182 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം.
  • മാര്‍ഗനിര്‍ദേശങ്ങള്‍ ഓരോ സ്‌റ്റേഷനിലും അനൗണ്‍സ്‌മെന്റ് വഴി ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ റെയില്‍വേ അറിയിക്കണം. മറ്റ് അനുയോജ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സോണല്‍ റെയില്‍വേകള്‍ക്ക് പുറപ്പെടുവിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News