തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ നിരാഹാരസമരം ആരംഭിച്ചു; ആവശ്യമെങ്കിൽ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

അതേസമയം, തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ ഷിബു ബേബി ജോണിനെയും ആര്യാടൻ മുഹമ്മദിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളിൽ നിന്ന് മൂന്നാറിലെ തൊഴിലാളികൾ പിൻമാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ സമരം പരിഹരിക്കാനുള്ള ചർച്ചകൾ സർക്കാർ തുടരുകയാണെന്നും ആവശ്യങ്ങൾ അനുഭാവ പൂർണ്ണമായാണ് സർക്കാർ പരിഗണിക്കുന്നതെന്നും ചെന്നിത്ത പറഞ്ഞിരുന്നു.

സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്നും സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിഎസ് പറഞ്ഞു.

ശമ്പളം, ബോണസ് എന്നിവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതോടെ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ബോണസ് ഇരുപത് ശതമാനം വർധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ അഞ്ചിനാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. കണ്ണൻദേവൻ കമ്പനിക്കെതിരായുള്ള സമരം ശക്തമായതോടെ ടാറ്റയുടെ പെരിയക്കനാൽ, പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളികളും സമരത്തിനിറങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here