തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം; തൊഴിലാളികൾക്ക് ബോണസും 10 സെന്റ് ഭൂമിയും നൽകണമെന്ന് കോടിയേരി

തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തണം. പ്രശ്‌നങ്ങൾ അടുത്ത ചർച്ചയിൽ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. തൊഴിലാളികൾക്ക് ബോണസും 10 സെന്റ് ഭൂമിയും നൽകണം. അവഗണനയുടെ പൊട്ടിത്തെറിയാണ് ഇപ്പോൾ കാണുന്നത്. ടാറ്റ മുതലാളിയുടെ കൊള്ളയടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പികെ ശ്രീമതി, ബിജി മോൾ തുടങ്ങിയ നേതാക്കളും കോടിയേരിക്കൊപ്പം സമരസ്ഥലത്തെത്തി.

മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട എസ്. രാജേന്ദ്രൻ എംഎൽഎ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്നും സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിഎസ് പറഞ്ഞു.

അതേസമയം, തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ ഷിബു ബേബി ജോണിനെയും ആര്യാടൻ മുഹമ്മദിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളം, ബോണസ് എന്നിവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതോടെ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ബോണസ് ഇരുപത് ശതമാനം വർധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ അഞ്ചിനാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. കണ്ണൻദേവൻ കമ്പനിക്കെതിരായുള്ള സമരം ശക്തമായതോടെ ടാറ്റയുടെ പെരിയക്കനാൽ, പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളികളും സമരത്തിനിറങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News