നാലുദിവസം ചളിക്കുഴിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാന്‍ സഫാരി ഗൈഡുമാരുടെ തീവ്രശ്രമം; ആനയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആരെയും നോവിക്കുന്ന ചിത്രങ്ങള്‍ കാണാം

സിംബാബ്‌വേയിലെ വനത്തില്‍ സഫാരിക്കെത്തുന്നവരെ സഹായിക്കുന്ന ഗൈഡുമാര്‍ക്കു മുന്നില്‍ കഴിഞ്ഞദിവസം കരളലിയിപ്പിക്കുന്ന കാഴ്ചയാണെത്തിയത്. ഒരു കുട്ടിയാന ചെളിക്കുഴിയില്‍ കുടുങ്ങിക്കിടക്കുന്നു. നാലു ദിവസമെങ്കിലും അങ്ങനെത്തന്നെ കഴിഞ്ഞനിലയിലായിരുന്നു ആന. ലെന്‍ ടെയ്‌ലര്‍ എന്ന ഗൈഡിനു മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. ആന കുഴിയില്‍പെട്ടു നിമിഷങ്ങള്‍ക്കകം സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു.

സ്വന്തം ജീവന്‍ പണയപ്പെടുത്തിയായിരുന്നു ആഴമുള്ള ചളിക്കുഴിയില്‍ ലെന്‍ ടെയ്‌ലറും സംഘവും ഇറങ്ങി ആനയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചത്. വടം കെട്ടി കാളയെക്കൊണ്ടും ട്രാക്ടര്‍കൊണ്ടും ആനയെ വലിച്ചു കയറ്റാനായിരുന്നു ശ്രമം. ആറു മണിക്കൂറോളം തുടര്‍ച്ചയായി ശ്രമിച്ചതോടെ ആനയെ ചളിക്കുഴിയില്‍നിന്നു പുറത്തെത്തിക്കാന്‍ കഴിഞ്ഞെങ്കിലും നാലുദിവസമായി ജലപാനമില്ലാതിരുന്ന ആന മരണത്തിനു കീഴടങ്ങുകയായിരുന്നു.

സഫാരി ഗൈഡുമാരുടെ ശ്രമത്തിന് അവിടെയെത്തിയ സന്ദര്‍ശകരും സഹായം നല്‍കി. വടം കെട്ടിവലിക്കാനും മറ്റും അവരും കൂടി. കുട്ടിയാനയാണെങ്കിലും അക്രമാസക്തമായാല്‍ മനുഷ്യനെ ചവിട്ടിക്കൊല്ലാന്‍ ശേഷിയുള്ളതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ അപായകരമായിരുന്നു. വയറിലൂടെ വടം കെട്ടാനായിരുന്നു ശ്രമം. ചളി പിടിച്ചിരുന്നതിനാല്‍ അതു ശ്രമകരമായിരുന്നു.

ചളിയില്‍ വീണ സമയത്ത് ആന അക്രമത്തിന് ശ്രമിച്ചിരുന്നു. ആരെയും അടുപ്പിച്ചിരുന്നില്ല. ഈ സമയത്ത് സ്വയരക്ഷയ്ക്ക് ആനയെ വെടിവയ്ക്കാന്‍ വരെ ആലോചിച്ചിരുന്നതായി ലെന്‍ പറഞ്ഞു. പക്ഷേ, പിന്നീട് ആന അവശനാവുകയായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും അവസ്ഥ വഷളായി. നാലാം ദിവസം മാത്രമാണ് ആനയുടെ വയറില്‍ വടം കെട്ടാന്‍ സാധിച്ചത്. അപ്പോഴേക്കും ചളിക്കുഴിയില്‍നിന്നു എഴുനേല്‍ക്കാന്‍ പോലും ആനയ്ക്കു സാധിച്ചിരുന്നില്ല.

സഫാരിക്കെത്തിയ മെലിസ മക്കന്‍സീ എന്ന സഞ്ചാരിയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളെടുത്തത്. അതീവശ്രമകരമായി ആനയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനാകാതിരുന്നത് സന്തോഷ സമാപ്തി നല്‍കിയില്ലെന്നും മെലിസ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News