എം ജി പ്രോ-വിസി ഷീന ഷുക്കൂറിനെ പിന്തുണച്ച് ലീഗ്; അന്വേഷണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നു കെപിഎ മജീദ്

കോഴിക്കോട്: എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്. ഷീന ഷുക്കൂറിനെതിരേ അന്വേഷണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നു ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഷീന ഷുക്കൂറിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിനെ പുകഴ്ത്തിനടത്തിയ പ്രസംഗവും ചട്ടം ലംഘിച്ചുള്ള വിദേശയാത്രയുമാണ് ഷീന ഷുക്കൂറിനെ കുരുക്കിലാക്കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാല ചാന്‍സറായ ഗവര്‍ണര്‍ പി സദാശിവം ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ചട്ടലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അന്വേഷണ ചുമതല രേഖാമൂലം വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റിയനു കൈമാറിയത്.

വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ വിദേശയാത്ര നടത്തുമ്പോള്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി തേടണമെന്ന ചട്ടം ലംഘിച്ചാണ് ഷീന ഷുക്കൂര്‍ ദുബായിലേക്കു പോയത്. ഐ ജി ടി ജെ ജോസിന്റെ കോപ്പിയടി വിവാദം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. ഓഫ് കാമ്പസുകള്‍ക്ക് അനുമതി നിഷേധിക്കേണ്ട വിഷയം ചര്‍ച്ച ചെയ്യേണ്ട സിന്‍ഡിക്കേറ്റ് യോഗത്തിലും പങ്കെടുത്തില്ല.

ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാതെ മെയ് 22ന് ദുബായില്‍ എത്തിയ ഷീന ഷുക്കൂര്‍ കെഎംസിസി ചെറുവത്തൂര്‍ സംഘടിപ്പിച്ച സ്വകാര്യചടങ്ങില്‍ പങ്കെടുത്താണ് വിവാദ പ്രസംഗം നടത്തിയത്. തന്റെ ഭര്‍ത്താവിനും തനിക്കും ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും മുസ്ലിം ലീഗിന്റ പച്ചപതാകയുടെ തണലിലാണ് ലഭിച്ചതെന്ന് ഷീന ഷുക്കൂര്‍ പ്രസംഗിച്ചത് സോഷ്യല്‍ മീഡയകളില്‍ അടക്കം വന്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണു കഴിഞ്ഞയാഴ്ച കോട്ടയത്ത് ഒരു പൊതുപരിപാടിക്കെത്തിയ ഗവര്‍ണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടത്.
തനിക്ക് ദുബൈ യാത്ര നടത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറിയുടെയും അനുമതി നല്‍കിയതിന്റെ തെളിവ് കൈവശമുണ്ടെന്ന് സംഭവം വിവാദമായതോടെ ഷീന ഷുക്കൂര്‍ വൈസ് ചാന്‍സിലര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

ഷീന ഷുക്കൂറിനെതിരെ നിലനില്‍ക്കുന്ന പിഎച്ച്ഡി വിവാദം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സിലര്‍ ശുപാര്‍ശ നല്‍കിയതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News