ദില്ലി: ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച ദുഃഖം താങ്ങാനാവാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ദില്ലിയിലെ ലാദോ സാരായിലാണ് സംഭവം. ഒഡീഷ സ്വദേശികളായ ലക്ഷ്മിചന്ദ്ര, ബബിത റാവത്ത് എന്നിവരാണ് പൊന്നോമന മകന്‍ മരിച്ച ദുഃഖം താങ്ങാനാവാതെ നാലുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഇവരുടെ ഏകമകനായ അവിനാഷ് ഇക്കഴിഞ്ഞ എട്ടിനാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. അവിനാഷിനെ ചികിത്സയ്ക്കായി കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളില്‍ അവിനാഷിന് ചികിത്സ നിഷേധിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ അവിനാഷ് മരണപ്പെടുകയും ചെയ്തു.
ദമ്പതികളില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വന്തം തീരുമാനമാണെന്നും ആത്മഹത്യാകുറിപ്പില്‍ ഇരുവരും എഴുതി വച്ചിട്ടുണ്ട്. അവിനാഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ രണ്ട് ആശുപത്രികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ അയല്‍ക്കാരാണ് ലക്ഷ്മിചന്ദ്രയുടെയും ബബിതയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു കയര്‍ ഉപയോഗിച്ച് ഇരുവരും പരസ്പരം കൈകള്‍ ചേര്‍ത്തു കെട്ടിയിരുന്നു. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒഡീഷ സ്വദേശികളായ ഇരുവരും ഒരുവര്‍ഷത്തിലധികമായി ദില്ലിയിലാണ് താമസം. ദില്ലിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ലക്ഷ്മിചന്ദ്ര.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here