കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കഥകള്‍ വരുമ്പോള്‍ എല്ലാത്തിനും അറ്റത്ത് കേള്‍ക്കുന്ന പേര് ഒന്നു മാത്രം… ജോയ് തോമസ്. കണ്‍സ്യൂമര്‍ ഫെഡിനെ ശുദ്ധീകരിക്കാനെത്തിയ ടോമിന്‍ ജെ തച്ചങ്കരിയുടെ സ്ഥാനചലനം കൂടിയായപ്പോള്‍ അഴിമതിയുടെ കുപ്പായമണിഞ്ഞ ജോയ്‌തോമസ് കേരളത്തിലെ വാര്‍ത്തകളുടെ തലവാചകങ്ങളില്‍ സ്ഥിരസ്ഥാനം നേടി. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത എന്നാല്‍ പവര്‍ഫുള്ളായ നിലയിലേക്കു നടക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ സ്വദേശിയായ ജോയ് തോമസ് തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്നു നിയമബിരുദം കരസ്ഥമാക്കി അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെഎസ്‌യു സംസ്ഥാന പ്രസിഡന്റായപ്പോ!ള്‍ വൈസ് പ്രസിഡന്റായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ശക്തമായത്. ഈ ബന്ധം ജോയ് തോമസിന്റെ രാഷ്ട്ട്രീയ ഗ്രാഫ് പെട്ടെന്നുയരാന്‍ വഴിയൊരുക്കി.
തുടക്കം മുതല്‍ അടിയുറച്ച ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്നു ജോയ് തോമസ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റായിരുന്ന ജോയ് തോമസ് പിന്നീട് കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായി. 2001 ല്‍ കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി. അഞ്ചു വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. ഇതേ കാലയളവില്‍ ഇടുക്കി ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. പിന്നീട് യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്‍മാനായി. 2011 ല്‍ ഐ ഗ്രൂപ്പിന്റെ നോമിനിയായി കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി. റിജി ജി.നായര്‍ എം.ഡി ആയിരിക്കെ കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി ശക്തം എന്ന ആക്ഷേപം ഉയര്‍ന്നു വന്നു.
എന്നാല്‍ അപ്പോഴൊക്കെ ജോയ് തോമസ് മൗനം പാലിക്കുകയായിരുന്നു. പിന്നീട് റിജി ജി.നായര്‍ പുറത്താവുകയും ടോമിന്‍ ജെ.തച്ചങ്കരി മാനേജിംഗ് ഡയറക്ടര്‍ ആയി എത്തുകയും ചെയ്തതോടെ ജോയ് തോമസിന്റെ മേല്‍ കരനിഴല്‍ വീണു തുടങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന കോടികളുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങി. 24 ഉദ്യോഗസ്ഥരെ തച്ചങ്കരി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജോയ് തോമസുള്‍പ്പെടെ ഉന്നതര്‍ നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും നല്‍കി.ഏറ്റവും ഒടുവില്‍ കെ.പി.സി.സി അധ്യക്ഷനും ജോയ് തോമസിന് എതിരെ രംഗത്ത് വന്നു.ജോയ് തോമസിനെ മാറ്റണമെന്നാണ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here