ഹൈദരാബാദ്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്കിലൂടെ വ്യാജപേരില്‍ സുഹൃത്തുക്കളാക്കിയ ശേഷം അവരെക്കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിക്കുന്നത് പതിവാക്കിയ 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരവര്‍ഷത്തിനിടെ 200-ഓളം പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ സുഹൃത്തുക്കളാക്കി നഗ്നചിത്രങ്ങള്‍ അയപ്പിച്ചത്. പ്രലോഭിപ്പിച്ചും ബ്ലാക്ക്മെയില്‍ ചെയ്തുമാണ് ഇയാള്‍ പെണ്‍കുട്ടികളെ കൊണ്ട് നഗ്നചിത്രങ്ങള്‍ അയക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്. അബ്ദുല്‍ മജീദിനെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എട്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വ്യത്യസ്ത പേരുകളിലെ ഈ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടികളെ വശത്താക്കിയിരുന്നത്. സ്ത്രീകളുടെ പേരിലാണ് ഇയാള്‍ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്.
സ്ത്രീകളുടെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടികള്‍ക്കായി സേര്‍ച്ച് ചെയ്യും. പേരും പെരുമയുമുള്ള സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. വേദിക, ശ്രിയ, തന്വി എന്നിങ്ങനെയുള്ള പേരുകളിലാണ് ഫേസ്ബുക്ക് അക്കൗണ്ട്. ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും സുഹൃത്തുക്കളാക്കിയ ശേഷം ചാറ്റ് ചെയ്യുകയും ചെയ്യും. പതിയെ ചാറ്റിംഗ് ലൈംഗികതയിലേക്ക് വഴിമാറും. പിന്നീട് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ അവരെ പ്രലോഭിപ്പിക്കും. ചിലര്‍ ചിത്രങ്ങള്‍ അയച്ചു കൊടുത്തപ്പോള്‍ മറ്റുചിലര്‍ അതിന് തയ്യാറായില്ല. ഇവരെ മജീദ് ഭീഷണിപ്പെടുത്താനും ബ്ലാക്ക്മെയില്‍ ചെയ്യാനും തുടങ്ങി. താന്‍ പൊലീസുകാരന്റെ മകളാണെന്നും ചാറ്റ് വിശദാംശങ്ങള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
ഇരകളായവര്‍ തന്നെ പിന്നീട് അയച്ചു കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ മജീദ് കുട്ടികളെ ഫോണില്‍ വിളിക്കുകയും ഫോട്ടോകള്‍ തുടര്‍ന്നും അയച്ചില്ലെങ്കില്‍ അതുവരെ അയച്ചതെല്ലാം പോണ്‍സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇത്തരത്തില്‍ ഒരു കുട്ടിയില്‍ നിന്ന് ഇയാള്‍ 86,000 രൂപയും തട്ടിയെടുത്തിട്ടുണ്ട്. നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നൂറുകണക്കിന് നഗ്നചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇരയായ ഒരു പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് 18 മാസം നീണ്ട മജീദിന്റെ ഡേര്‍ട്ടി പിക്ചര്‍ ഗെയിം അവസാനിച്ചത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here