മൂന്നാറിലെ ചരിത്രസമരത്തിന് വിജയസമാപ്തി; ആഘോഷവുമായി തൊഴിലാളികള്‍; ബോണസ് 20 ശതമാനം; കൂലി വര്‍ദ്ധനയില്‍ തീരുമാനം 26ന്; ഉജ്ജ്വല സമരത്തിന് അഭിനന്ദനങ്ങളെന്ന് വിഎസ്

മൂന്നാർ/കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. കൊച്ചി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കരാര്‍ അനുസരിച്ച് കണ്ണന്‍ ദേവന്‍ കമ്പനി 20 ശതമാനം ബോണസ് തന്നെ തൊഴിലാളികള്‍ക്ക് നല്‍കും. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയുമായാണ് നല്‍കുക. മിനിമം കൂലി 500 രൂപയാക്കുന്ന കാര്യത്തില്‍ ഈ മാസം 26ന് തീരുമാനമെടുക്കും. ബോണസ് 21ന് മുന്‍പ് നല്‍കും.
ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലാകും ചര്‍ച്ച. ചര്‍ച്ചയുടെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രഖ്യാപിച്ചത്.

തോട്ടം തൊഴിലാളി പ്രതിനിധികളുമായും കമ്പനി പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും മുഖ്യമന്ത്രി മാരത്തണ്‍ ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് തീരുമാനം. കമ്പനി പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. കമ്പനി പ്രതിനിധികളുമായി രണ്ടാം വട്ടവും ചര്‍ച്ച നടത്തിയ ശേഷമാണ് സംയുക്ത ചര്‍ച്ച തുടങ്ങിയത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാവില്ല എന്ന നിലപാടില്‍ കണ്ണന്‍ ദേവന്‍ കമ്പനി ആദ്യം നിലപാടെടുത്തു. എന്നാല്‍ സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്പനിക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം തുടര്‍ന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.

സമരത്തിന് അഭിനന്ദനങ്ങളെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം. താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി ഉടന്‍ ആരംഭിക്കണം. തീരുമാനിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ വീണ്ടും സമരത്തിന് ഇറങ്ങും. ഇതിനായി എല്ലാ സഹായവും നല്‍കുമെന്നും വിഎസ് പ്രതികരിച്ചു. ചര്‍ച്ചയുടെ തീരുമാനം സര്‍ക്കാര്‍ പ്രതിനിധിയായി മൂന്നാറിലെത്തിയ മന്ത്രി പികെ ജയലക്ഷ്മിയാണ് വിഎസിനെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം തുടര്‍ന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

മൂന്നാര്‍ സമരം പാഠമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റുകളും സമരത്തില്‍ നിന്ന് പഠിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം പരിശോധിക്കുമെന്നും വിഎം സുധീരന്‍ പ്രതികരിച്ചു. സമരത്തില്‍ സംയമനം പാലിച്ച പൊലീസിനെ സുധീരന്‍ അഭിനന്ദിച്ചു.

മൂന്നാറിലെ സമരം ന്യായമായിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് നിന്നത് നീതിക്കൊപ്പമാണ്. തീവ്രവാദ ശക്തികള്‍ ഒന്നും സമരത്തിന് പിന്നില്‍ ഇല്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.

ഇന്ന് രാവിലെയാണ് തൊഴിലാളി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തിയത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മൂന്നാര്‍ പാക്കേജ് നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ബോണസ് വെട്ടിക്കുറച്ച കണ്ണന്‍ ദേവന്‍ കമ്പനിയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമരം തീരുംവരെ സമരക്കാര്‍ക്കൊപ്പം മൂന്നാറില്‍ തുടരുമെന്ന് വിഎസ് പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel