ദില്ലി: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ തർക്കം മുറുകുന്നു. മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ ആവാമി മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി ഇടഞ്ഞു നിൽക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ ഇന്ന് വീണ്ടും യോഗം ചേരും. ചർച്ച വിജയിച്ചാൽ സീറ്റ് വിഹിതം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
എത്ര സീറ്റുകളിൽ വീതം മത്സരിക്കണമെന്ന കാര്യത്തിൽ ഏകദേശ ധാരണ രൂപപ്പെട്ടെങ്കിലും ജയസാധ്യതയുള്ള സീറ്റുകളുടെ കാര്യത്തിൽ ഉറപ്പ് വേണമെന്ന സഖ്യകക്ഷികളുടെ പിടിവാശിയാണ് എൻഡിഎയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാഞ്ചിയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ ചർച്ച ഫലം കാണാത്തതിനാൽ പ്രഖ്യാപനം ഉണ്ടായില്ല.
മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാമി മോർച്ചയ്ക്ക് 15 സീറ്റുകളാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ 25 സീറ്റുകൾ വേണമെന്നും ജയസാധ്യതയുള്ള സീറ്റുകളുടെ കാര്യത്തിൽ ഉറപ്പ് വേണമെന്നുമാണ് മാഞ്ചിയുടെ ആവശ്യം. മാഞ്ചി ആവശ്യത്തിൽ ഉറച്ചു നിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇന്ന് ചേരുന്ന എൻഡിഎ യോഗത്തിൽ സവമായം ഉണ്ടായാൽ സീറ്റ് വിഹിതം സംബന്ധിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. 243 സീറ്റുകളിൽ ബിജെപി 162, രാം വിലാസ് പാസ്വാന്റെ എൽജെപി 41, ആർഎൽഎസ്പി 25, ഹിന്ദുസ്ഥാൻ ആവാമി മോർച്ച 15 എന്നിങ്ങനെയാണ് ബിജെപി മുന്നോട്ട് വച്ച ഫോർമുല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here