മൂന്നാറില്‍ പൊള്ളുന്നത് ജീവിതപ്രശ്‌നങ്ങള്‍; അര്‍ഹിച്ചത് കിട്ടാത്തതിലുള്ള പ്രതിഷേധം; പരിഹരിക്കേണ്ടത് സര്‍ക്കാര്‍; മൂന്നാറിലെ പെമ്പിള സമരത്തെക്കുറിച്ച് കെകെ ജയചന്ദ്രന്‍ എംഎല്‍എ

മൂന്നാറില്‍ നടക്കുന്ന പെമ്പിള ഒരുമൈ സമരംമാണ് ഇപ്പോള്‍ കേരളമാകെയുള്ള മാധ്യമങ്ങളും നവമാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്. അര്‍ഹിച്ചത് കിട്ടാത്തതിലെ പ്രതിഷേധമാണ് അവിടെ നടക്കുന്നത്. ബോണസാണ് തൊഴിലാളികളുടെ സമരത്തിലെ അടിസ്ഥാന ആവശ്യം. അതുലഭിക്കാത്തതിലെ പ്രതിഷേധമാണ് അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം അന്വേഷിക്കേണ്ടത് സമരത്തിലേക്ക് നയിച്ച ഘടകങ്ങളാണ്.

കഴിഞ്ഞ വര്‍ഷം വരെ നല്‍കിക്കൊണ്ടിരുന്ന ബോണസ് വെട്ടിക്കുറച്ചപ്പോഴാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്പനി ബാലന്‍സ്ഷീറ്റ് പ്രകാരം അഞ്ചുകോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലാഭമുണ്ടായതെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ടുതന്നെ 10 ശതമാനം മാത്രമേ ബോണസ് നല്‍കൂ എന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ വര്‍ഷം വരെ 19 ശതമാനം ബോണസ് നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ബാലന്‍സ്ഷീറ്റ് പോലും കമ്പനി ബോണസ് നല്‍കാതിരിക്കാന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ബോണസ് 10 ശതമാനം മാത്രം എന്ന കമ്പനി നിലപാടിനെ ട്രേഡ് യൂണിയന്‍ എതിര്‍ത്തു.

ലാഭം കുറഞ്ഞതിനാല്‍ ബോണസ് കുറയ്ക്കും എന്ന നിലപാട് ശരിയല്ല. കാരണം ബോണസ് ലാഭവിഹിതമല്ല. നീക്കിവയ്ക്കപ്പെട്ട വേതനമാണ് ബോണസ്. അതില്‍ കുറവ് വരുത്തുന്നത് ശരിയല്ല. കമ്പനിയുടെ മറ്റു വ്യവസായങ്ങളില്‍ നിന്ന് ലഭിക്കുന്ന വിഹിതമാണ് ബോണസായി നല്‍കുന്നത്. അതുകൊണ്ട് തന്നെ 20 ശതമാനം ബോണസായി നല്‍കണമെന്നാണ് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തൊഴിലാളി സംഘടനയുടെ ഈ ആവശ്യം അംഗീകരിക്കാതെ 10 ശതമാനം മാത്രം ബോണസ് എന്ന തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ച് കമ്പനി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെ ട്രേഡ് യൂണിയന്‍ ശക്തമായി എതിര്‍ക്കുകയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മാനേജ്‌മെന്റുമായി അവസാനവട്ട ചര്‍ച്ച നടത്താന്‍ ഒരുങ്ങവേയാണ് അപ്രതീക്ഷിതമായി സമരം ആരംഭിച്ചത്. അത് ആരും പ്രേരിപ്പിച്ചിട്ടല്ല. അര്‍ഹിച്ചത് കിട്ടില്ല എന്ന അവസ്ഥ വന്നപ്പോള്‍ തൊഴിലാളികള്‍ സമരത്തിന് നിര്‍ബന്ധിതരാകുകയായിരുന്നു.

ജീവിത പ്രാരാബ്ധങ്ങളാണ് തൊഴിലാളികളുടെ പ്രധാന പ്രശ്‌നം. ജീവിതച്ചെലവുകള്‍ വര്‍ധിച്ചതോടെ ബോണസ് വര്‍ധിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അത് കിട്ടാതായതോടെയാണ് സമരത്തിന് നിര്‍ബന്ധിതരായത്. ഇതേപ്രശ്‌നം ഉന്നയിച്ച് അവര്‍ തൊഴിലാളി യൂണിയന്‍ ഓഫീസുകളില്‍ ബഹളം വയ്ക്കുകയുണ്ടായി. സിഐടിയു ഓഫീസില്‍ നിന്ന് മാത്രമാണ് അവര്‍ക്ക് മറുപടി ലഭിച്ചത്. സിഐടിയു ഓഫീസില്‍ നിന്ന് കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് മനസ്സിലായി. ഒരു കോണ്‍ഫറന്‍സിന് പോയിരുന്നതിനാല്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അവിടെ ഇല്ലായിരുന്നു. പിറ്റേന്ന് വന്നപ്പോള്‍ കുറച്ചുപേര്‍ എംഎല്‍എ സംസാരിക്കരുതെന്നും മറ്റൊരു വിഭാഗം സംസാരിക്കണമെന്നും നിലപാട് എടുത്തു. രംഗം വഷളാക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹം അന്ന് അവിടെ നിന്ന് പോയത്.

പിന്നീടാണ് തൊഴിലാളികളുടെ ന്യായമായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാരസമരം ആരംഭിച്ചത്. തൊഴിലാളികള്‍ക്കാണ് സിപിഐഎമ്മിന്റെ പിന്തുണ. മുഖ്യമന്ത്രി ഇടപെടണം എന്നാണ് സിപിഐഎമ്മിന്റെ നിലപാട്. വിഷയം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. പ്രശ്‌നത്തില്‍ സിപിഐഎമ്മിനും സിഐടിയുവിനും വീഴ്ചപറ്റി എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതുതെറ്റാണ്. അടിസ്ഥാനരഹിതമാണ് വാര്‍ത്തകള്‍. ഏഴുവര്‍ഷമായി സിഐടിയു ഏറ്റെടുത്ത് വരുന്ന പ്രശ്‌നമാണിത്. സര്‍ക്കാരാണ് ഇതിന് പരിഹാരം കാണേണ്ടത്. അതിനാണ് സിപിഐഎമ്മും സമരം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News