തൊലി മിനുസപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.? തൊലിയുടെ നിറം മാറുന്നതിനും തൊലിപ്പുറത്ത് തടിച്ചു പൊങ്ങുന്നതിനും വടുക്കള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പോരാത്തതിന് ക്രീമുകളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും സ്റ്റിറോയ്ഡുകളും കിഡ്‌നിയെ തകര്‍ക്കുകയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇന്‍ഫെക്ഷന്‍ വരെ ഉണ്ടാകാനും സാധ്യതയുണ്ട്. ഈയാഴ്ച മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ട് ഫെയര്‍നെസ് ക്രീമുകള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പല ഫെയര്‍നെസ് ക്രീമുകളും ബ്ലീച്ച് അടക്കം കടുത്ത രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൈഡ്രോക്വിനോണ്‍, സ്റ്റിറോയ്ഡ്, രസം പോലുള്ള ലോഹങ്ങള്‍ എന്നിവയും ക്രീമുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അംശം കാന്‍സറിന് വരെ കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് തൊലിപ്പുറത്തെ നിറം മാറ്റത്തിനും കാരണമാകുന്നു. ക്രീമുകളിലെ സ്റ്റിറോയ്ഡുകള്‍ തൊലി നേര്‍ക്കുന്നതിന് ഇടയാക്കുകയും ചര്‍മ്മത്തിന് പ്രായാധിക്യം തോന്നിക്കുകയും ചെയ്യും. പലതരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ ത്വക്ക് രോഗവിദഗ്ധനായ ഡോക്ടര്‍ പ്രിയം കെബ്രി പറയുന്നു.
ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ച് പണികിട്ടിയ ചിലരുടെ അനുഭവം കേള്‍ക്കാം. മുംബൈയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന കൃപ ജോസഫ് പറയുന്നത് കേള്‍ക്കുക. ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് കൃപ രണ്ടുമാസം മുമ്പ് ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഒപ്പം സൗന്ദര്യം വര്‍ധിക്കണമെന്ന് താനും ആഗ്രഹിച്ചിരുന്നു. ക്രീം ഉപയോഗിച്ച് അഞ്ചുദിവസം തികയുന്നതിന് മുമ്പ് തന്നെ കൃപയുടെ തൊലി വരണ്ടുണങ്ങാന്‍ തുടങ്ങി. ഒപ്പം തൊലി ഉരിഞ്ഞു പോകാനും തുടങ്ങി. മുഖത്ത് ഓരോ വടുക്കളും പൊങ്ങിവരാന്‍ തുടങ്ങിയിരുന്നു. ഡോക്ടറെ കണ്ടപ്പോഴാണ് ക്രീം ഉപയോഗിച്ചതാണ് തന്റെ തൊലിക്ക് വന്ന മാറ്റത്തിന്റെ കാരണമെന്ന് കൃപ മനസ്സിലാക്കിയത്.
എന്നാല്‍, എല്ലാ സംഭവങ്ങളും അത്ര ലളിതമായ വിഷയങ്ങളല്ല. ഡെല്‍ഹി ആസ്ഥാനമായ കെമിക്കല്‍ എഞ്ചിനീയര്‍ സൗരവ് ബിഷ്ടിന്റെ അനുഭവം ഇങ്ങനെയായിരുന്നു. ഇരുണ്ട സ്‌കിന്‍ കാരണം മൂന്ന് വിവാഹങ്ങള്‍ മുടങ്ങിപ്പോയപ്പോള്‍ അമ്മാവന്റെ നിര്‍ദേശ പ്രകാരമാണ് ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍, മൂന്ന് മാസത്തിന് ശേഷം ബിഷ്ടിനെ ത്വക് രോഗവിദഗ്ധന്റെ മുന്നിലാണ് ഇത് എത്തിച്ചത്. മുഖത്ത് ചില ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്ന് ഇടക്കിടെ രക്തം വരാന്‍ തുടങ്ങുകയും ചെയ്തു. അവസാനം ആന്റിബയോടിക്കുകള്‍ കഴിച്ചാണ് മുഖക്കുരു മാറ്റാന്‍ കഴിഞ്ഞത്. ക്രീമുകളിലെ സ്റ്റിറോയ്ഡുകള്‍ മുഖത്ത് അമിത രോമവളര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here