യുദ്ധകലുഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഹമ്മദാബാദ്: സൗദി വ്യോമാക്രമണം തുടരുന്ന യമനില്‍ 70 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നു. അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ് ഇവര്‍. ഇന്ത്യയില്‍ നിന്നുള്ള ഒരു നാവിക സംഘമാണ് 70 പേര്‍ കുടുങ്ങിയതായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ജീവനക്കാരെ തിരികെ സുരക്ഷിതരായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

ഗുജറാത്തിലെ കച്ചിലെ തീരദേശ ഗ്രാമമായ മാന്ദവി, ജാംനഗറിലെ ജോദിയ, സലായ എന്നിവിടങ്ങളില്‍ നിന്നുള്ള 70 പേരാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കച്ച് മാന്ദവി വഹന്‍വത്ത അസോസിയേഷന്‍ പ്രസിഡന്റ് ഹാജി ജുനേജ ഇക്കാര്യം അറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ബോംബിംഗ് നടക്കുന്നുണ്ട് സ്ഥലത്ത്. കഴിഞ്ഞ ദിവസം രാത്രി നടന്ന റോക്കറ്റ് ആക്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാന്ദവി വില്ലേജില്‍ നിന്നുള്ള സിക്കന്ദര്‍ എന്ന തൊഴിലാളി അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖോഖ തുറമുഖത്താണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ജീവനുവേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാച്ചിലാണെന്നും സിക്കന്ദര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഓഡിയോ സന്ദേശത്തിലുണ്ട്.

കഴിഞ്ഞയാഴ്ച ആറ് ഇന്ത്യക്കാര്‍ യമനില്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ എട്ടിന് നടന്ന വ്യോമാക്രമണത്തില്‍ ബോട്ട് തകര്‍ന്നാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. യമന്‍ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഷിയ വിമതരും സര്‍ക്കാരും തമ്മിലാണ് പോരാട്ടം നടക്കുന്നത്. മാര്‍ച്ച് മുതല്‍ ഇതുവരെ 4,500 പേര്‍ യമനില്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News